ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം തന്റെ ഏറ്റവും പുതിയ ചിത്രം 'ജയിലർ' കാണുമെന്ന് സൂപ്പർതാരം രജനികാന്ത്. വാർത്താ ഏജൻസിയോടാണ് രജനികാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ വൻ ഹിറ്റായത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

'ജയിലറി'ന്റെ വിജയം ആരാധകർ ആഘോഷിക്കുമ്പോൾ താരം തീർത്ഥാടനത്തിലായിരുന്നു. ഹിമാലയ സന്ദർശനം നടത്തിയ ശേഷം താരം ഇന്നലെയാണ് ഉത്തർപ്രദേശിൽ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയെ സന്ദർശിക്കുമെന്ന് വാർത്താ ഏജൻസിയോട് സംസാരിക്കവേ രജനികാന്ത് വ്യക്തമാക്കി.

വിമാനത്താവളത്തിൽ വച്ചാണ് ഇക്കാര്യം പറഞ്ഞത്. യോഗി ആദിത്യനാഥിനൊപ്പം 'ജയിലർ' കാണും. എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ രജനികാന്തിന്റെ അഭിപ്രായം. സംസ്ഥാനത്തെ തീർത്ഥാടന സ്ഥലങ്ങളും സന്ദർശിക്കാൻ താരത്തിന് പദ്ധതിയുണ്ടെന്നും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടാണ് അദ്ദേഹം ലക്‌നൗവിലെത്തിയത്. ശനിയാഴ്ചയാണ് ഇരുവരും ഒരുമിച്ച് സിനിമ കാണുക. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം രജനികാന്ത് നായകനായി പ്രദർശനത്തിന് എത്തിയ തമിഴ് സിനിമയാണ് ജയിലർ.

നെൽസൺ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന് അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് രാജ്യമൊട്ടാകെ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനികാന്തിന്റെ 'ജയിലറി'ന്റെ കളക്ഷൻ 450 കോടി കടന്നു എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോർട്ട്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം കളക്ഷൻ ഇരൂന്നൂറ് കോടിയോളം ആണെന്നും റിപ്പോർട്ടുണ്ട്. ഇങ്ങനെ പോയാൽ തമിഴ് സിനിമയിലെ കളക്ഷൻ റിക്കോർഡുകൾ പലതും രജനികാന്തിന്റെ 'ജയിലറി'ന്റെ പേരിലാകും എന്ന് ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

തിയറ്ററുകളിൽനിന്ന് ഇതിനകം കോടികൾ കൊയ്ത ചിത്രം, തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കലക്ഷൻ നേടിയെന്നാണ് നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സിന്റെ അവകാശവാദം. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ടോട്ടൽ ഗ്രോസ് കലക്ഷൻ 375.40 കോടിയാണ്. മോഹൻ ലാൽ, വിനായകൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നെൽസൻ ദിലീപ് കുമാറാണ് സംവിധാനം.

'ടൈഗർ മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രമായിട്ടായിരുന്നു രജനികാന്ത് ''ജയിലറി'ൽ എത്തിയത്. സാധാരണക്കാരനായി വിശ്രമ ജീവിതം നയിക്കുന്നയാൾ സംഭവബഹുലമായ വഴിത്തിരിവിലൂടെ നീങ്ങുന്നതാണ് 'ജയിലറി'ന്റെ പ്രമേയം. മാസായ രജനികാന്തിനെയാണ് തുടക്ക രംഗങ്ങൾക്ക് ശേഷം 'ജയിലറിൽ കാണാനാകുന്നത്.

ശിവരാജ് കുമാറും മോഹൻലാലും അതിഥി കഥാപാത്രങ്ങളായി എത്തി 'ജയിലറി'ന്റെ ആവേശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദർ ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ച് ഗാനങ്ങൾ ജയിലറിന്റെ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.