മുംബൈ: കരിയറിന്റെ തുടക്കത്തിൽ ഒരു പ്രമുഖ സംവിധായകനിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് നടി ഉർഫി ജാവേദ്. മുംബൈയിലേക്ക് താമസം മാറിയ സമയത്ത് അനുഭവിച്ച കാസ്റ്റിങ് കൗച്ചിനെക്കുറിച്ചാണ് നടി തുറന്നു പറഞ്ഞത്. ഒരു സംവിധായകനിൽ നിന്നാണ് താരത്തിന് മോശം അനുഭവമുണ്ടായത്. വീട്ടിലേക്ക് വിളിച്ചുവരുത്തി അയാളുടെ കാമുകിയായി അഭിനയിക്കാൻ ആവശ്യപ്പെട്ടു എന്നാണ് ഉർഫി പറയുന്നത്.

നിരവധി വേട്ടക്കാർ ഉൾപ്പെട്ടതാണ് നമ്മുടെ ഇൻഡസ്ട്രി. നോ പറയാനുള്ള ധൈര്യം നമുക്ക് വേണം. അല്ലെങ്കിൽ അവർ നമ്മളെ മുതലെടുക്കും. ചില ആളുകൾ എന്നോട് അത് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. നോ പറയേണ്ട നിരവധി അവസരങ്ങളിലൂടെ കടന്നുപോയി പക്ഷേ എനിക്കതിനായില്ല. - ഉർഫി പറഞ്ഞു.

മുംബൈയിലേക്ക് താമസം മാറിയ സമയത്ത് ഒരു സംവിധായകൻ ഓഡിഷനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. അവിടെ കാമറ ഇല്ലായിരുന്നു. എന്റെ കാമുകിയായി അഭിനയിച്ച് എന്റെ അടുത്തുവന്ന് കെട്ടിപ്പിടിക്കാൻ അയാൾ പറഞ്ഞു. എന്തു തരം ഓഡിഷനാണ് ഇതെന്ന് ഞാൻ കരുതി. നോ പറയുന്നതിന് പകരമായി ഏറെ ബുദ്ധിമുട്ടി ഞാൻ അയാളെ കെട്ടിപ്പിടിച്ചു. എന്നിട്ട് ഞാൻ പോവുകയാണെന്ന് അയാളോട് പറഞ്ഞു. കാമറ എനിടെയെന്ന് ചോദിച്ചപ്പോൾ തലയിൽ കൈ ചൂണ്ടിക്കൊണ്ട് ഇവിടെയാണ് കാമറ എന്നാണ് പറഞ്ഞത്. ഇത്തരം അനുഭവങ്ങളിലൂടെ താൻ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു എന്ന് ഉർഫി പറഞ്ഞു.