- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന സുഹൃത്തുക്കൾ ഉൾപ്പെടുമ്പോൾ പ്രതികരിക്കേണ്ടിവരും; ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നീചമാണ്'; വിവാഹിതയായെന്ന വ്യാജ പ്രചരണത്തിൽ സായ് പല്ലവി
ചെന്നൈ: തന്റെ വിവാഹം കഴിഞ്ഞെന്ന രീതിയിൽ വ്യാജചിത്രം പ്രചരിപ്പിച്ചവർക്കെതിരെ രൂക്ഷവിമർശനവുമായി നടി സായ് പല്ലവി. സിനിമയുടെ പൂജ ചടങ്ങിനിടെ സംവിധായകൻ രാജ്കുമാർ പെരിയസാമിക്ക് ഒപ്പം നിൽക്കുന്ന സായ് പല്ലവിയുടെ ചിത്രം മുറിച്ചുമാറ്റിയാണ് വിവാഹചിത്രമായി പ്രചരിപ്പിച്ചത്. ഇത്തരം പ്രവൃത്തി അസ്വസ്ഥതയുണ്ടാക്കുന്നതും നീചവുമാണെന്ന് നടി എക്സിൽ കുറിച്ചു.
സംവിധായകൻ രാജ്കുമാർ പെരിയസാമിയുമായി സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം. ഇതിന് ബലമേകുന്ന തരത്തിൽ ഇരുവരുടെയും ഒരു ചിത്രവും ഒപ്പമുണ്ടായിരുന്നു. എന്നാൽ സായ് പല്ലവിയെ നായികയാക്കി രാജ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ഫോട്ടോ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. വിഷയത്തിൽ ആദ്യമായാണ് സായ് പല്ലവി പ്രതികരിച്ചത്.
'സത്യസന്ധമായി പറയുകയാണെങ്കിൽ ഞാൻ കിംവദന്തികൾ ഗൗനിക്കാത്ത വ്യക്തിയാണ്. എന്നാൽ അതിൽ കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന സുഹൃത്തുക്കൾ ഉൾപ്പെടുമ്പോൾ എനിക്ക് പ്രതികരിക്കേണ്ടിവരും. എന്റെ സിനിമയുടെ പൂജ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം മനഃപൂർവം മുറിച്ചുമാറ്റി പെയ്ഡ് ബോട്ടുകളാൽ വെറുപ്പുളവാക്കുന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചു. ജോലിസംബന്ധമായുള്ള സന്തോഷകരമായ കാര്യങ്ങൾ പങ്കിടാനുള്ളപ്പോൾ ഇത്തരം തൊഴിലില്ലാത്ത പ്രവർത്തികൾക്ക് വിശദീകരണം നൽകേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് തീർത്തും നീചമാണ്.' സായ് പല്ലവി കുറിപ്പിൽ പറയുന്നു.
കുറച്ച് ദിവസം മുമ്പാണ് സായ് പല്ലവി തമിഴ് സംവിധായകനെ രഹസ്യവിവാഹം ചെയ്തെന്ന രീതിയിൽ ചിത്രം പ്രചരിച്ചത്. സംവിധായകൻ രാജ്കുമാർ പെരിയസാമിയും സായ് പല്ലവിയും പൂമാലയിട്ട് നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. സായ് പല്ലവിയുടെ ഫാൻ ഗ്രൂപ്പുകളിലടക്കം ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. സായ് പല്ലവി ഫാൻഡം എന്ന പേജിൽ ഈ പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കാണ് ലഭിച്ചത്. പലരും ഇരുവർക്കും ആശംസ അറിയിക്കുകയും ചെയ്തു.
എന്നാൽ യഥാർഥത്തിൽ ഒരു സിനിമയുടെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രമാണിത്. പൂജാ ചടങ്ങുകളുടെ ഭാഗമായാണ് ഇരുവരും മാല അണിഞ്ഞത്. കഴിഞ്ഞ മെയ് ഒമ്പതിന് സായ് പല്ലവിയുടെ ജന്മദിനത്തിൽ ആശംസ അറിയിച്ച് രാജ്കുമാർ ഈ ചിത്രങ്ങൾ എക്‌സിൽ പങ്കുവെച്ചിരുന്നു. ഇതിൽ നിന്ന് സിനിമയുടെ ക്ലാപ്പ് ബോർഡ് ഒഴിവാക്കി രാജ്കുമാറും സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്‌തെടുത്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്.