ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര നടി തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം കത്തുന്നതിനിടെ വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. ചെന്നൈ സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വാർത്താ കുറിപ്പിലൂടെ നടൻ മാപ്പ് പറഞ്ഞത്. 'എന്റെ സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതിൽ ഞാൻ പരസ്യമായി മാപ്പ് പറയുന്നു.' എന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്. സംഭവം വൻ വിവാദമാവുകയും തമിഴ് സിനിമാ ലോകം ഒന്നടങ്കം കടുത്ത വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതിനു പിന്നാലെയാണ് മൻസൂർ അലി ഖാൻ ക്ഷമാപണം നടത്തിയത്.

അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലെ പരാമർശമാണ് വിവാദമായത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് നടൻ പറഞ്ഞു. മുൻ സിനിമകളിൽ പീഡന രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അവസരം ലഭിക്കാറില്ലെന്നും കൂട്ടിച്ചേർത്തു. ഖുഷ്ബു, റോജ എന്നീ നടിമാരെക്കുറിച്ചും മോശം പരാമർശങ്ങൾ നടത്തി.

അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നത് വലിയ കാര്യമാണെന്നും ഇനിയൊരിക്കലും അതു സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നും പ്രതികരിച്ചു. ലിയോ സംവിധായകൻ ലോകേഷ് കനകരാജ്, നടിയും മന്ത്രിയുമായ റോജ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ, ഗായിക ചിന്മയി, നടി മാളവിക മോഹനൻ തുടങ്ങിയവർ പരാമർശത്തെ എതിർത്തു രംഗത്തെത്തി. വിഷയം വനിതാ കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും നടപടി എടുക്കുമെന്നും ഖുഷ്ബു വ്യക്തമാക്കിയിരുന്നു.

മൻസൂർ പരസ്യമായി മാപ്പ് പറയണമെന്ന് താര സംഘടനയായ നടികർ സംഘം ആവശ്യപ്പെട്ടു. നടന്റെ അംഗത്വം സസ്‌പെൻഡ് ചെയ്യുന്നത് ആലോചിക്കുമെന്നും നടിമാർക്കു പൂർണ പിന്തുണ നൽകുമെന്നും പ്രസിഡന്റ് എം.നാസർ പറഞ്ഞു. എന്നാൽ, താൻ തമാശയായി പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് വിവാദം സൃഷ്ടിച്ചതാണെന്നായിരുന്നു മൻസൂർ അലിഖാന്റെ നിലപാട്. മുൻ സിനിമകളിലേതുപോലെ ലിയോയിൽ നായികയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കാത്തതിന്റെ അതൃപ്തി തമാശയായി അവതരിപ്പിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ഡി.ജി.പി ശങ്കർ ജിവാളിന്റെ ഉത്തരവിനെ തുടർന്നാണ് മൻസൂർ അലി ഖാനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരം മൻസൂർ അലി ഖാനെതിരേ കേസെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.കേസെടുത്തിന് പിന്നാലെ താൻ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സമൂഹ മാധ്യമ പോസ്റ്റുകൾ തന്നെ പ്രശസ്തനാക്കി. അതിൽ സന്തോഷമുണ്ട്. തന്റെ വാർത്ത വളച്ചൊടിക്കുകയായിരുന്നു എന്നും പറഞ്ഞു .

തൃഷയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സിനിമയിലെ പീഡന രംഗങ്ങൾ യഥാർത്ഥമാണോ എന്നും അദ്ദേഹം ചോദിച്ചു.വിഷയത്തിൽ സ്വമേധയാ കേസെടുത്ത വനിത കമ്മീഷനെയും മൻസൂർ അലി ഖാൻ വിമർശിച്ചിരുന്നു. രാജ്യത്ത് സാധാരണ സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ കമ്മീഷൻ നോക്കുകുത്തിയാണ്. തന്റെ ഭാഗം കേൾക്കാതെയാണ് താരസംഘടനയായ നടികർ സംഘം വാർത്താക്കുറിപ്പ് ഇറക്കിയത്,? നാല് മണിക്കൂറിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കണമെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു.