കൊച്ചി: അമരത്തിലെ കഥാപാത്രത്തെ അനുകരിക്കുന്നതിൽ വിയോജിച്ചതിന്റെ പേരിൽ അസീസിനോട് പ്രോഗ്രാം നിർത്താൻ പറഞ്ഞിട്ടില്ലെന്ന് നടൻ അശോകൻ. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണെന്നും ഞാൻ എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അശോകൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി കൊടുത്തതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടാക്കണമെന്നില്ല. ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. മിമിക്രി എന്നു പറയുന്നത് വലിയ കലയാണ്. അത് എല്ലാവർക്കും കഴിയില്ല. അസീസിനോട് പ്രോഗ്രം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് എന്റെ വ്യക്തിപരമായ കാര്യമാണ്. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് നിർത്താൻ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാൻ പറയുകയുമില്ല. അസീസ് നല്ലൊരു മിമിക്രി ആർട്ടിസ്റ്റും നല്ല കലാകാരനുമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. പിന്നെ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്'- അശോകൻ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നടൻ അശോകനെ വേദികളിൽ ഇനി അനുകരിക്കില്ലെന്ന് വ്യക്തമാക്കി നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട് രംഗത്തെത്തിയത്. അസീസ് നെടുമങ്ങാട് അടക്കമുള്ള ചില മിമിക്രിക്കാർ തന്നെ അവതരിപ്പിക്കുന്നത് മോശമായാണെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അശോകൻ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇനി അശോകനെ അനുകരിക്കില്ലെന്ന് അസീസ് വ്യക്തമാക്കിയത്.

നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. മുൻപ് അനുകരണം നന്നായെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. ഇതുപോലെ എല്ലാവരും പ്രതികരിച്ചാൽ അനുകരണം അവസാനിപ്പിക്കും എന്നുമായിരുന്നു അസീസ് പറഞ്ഞത്. അസീസിന്റെ ഈ വാക്കുകളോടാണ് അശോകൻ പ്രതികരിച്ചത്.

അസിസ് തന്നെ അനുകരിക്കുന്നത് ഉൾകൊള്ളാൻ കഴിയുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിനോട് ഇത് നിർത്തണമെന്ന് പറഞ്ഞിട്ടില്ലെന്നും അശോകൻ പറയുന്നു. തന്നെ അനുകരിച്ചത് നന്നായിട്ടില്ലെന്ന് സത്യസന്ധമായി തന്നെയാണ് പറഞ്ഞത്. മുൻപ് ചിലപ്പോൾ അനുകരണം കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകും, എല്ലാവരുടെയും മുന്നിൽ വച്ച് അനുകരിക്കുമ്പോൾ നന്നായിട്ടില്ല എന്ന് പറയുന്നത് മോശമല്ലേയെന്നും അശോകൻ പറഞ്ഞു.

'എന്നെ ഇമിറ്റേറ്റ് ചെയ്തതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം ഉണ്ടാക്കണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമം ഒന്നുമില്ല. ഞാൻ കറക്റ്റ് ആയിട്ട് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റ് ആണ്. നല്ല കലാകാരനാണ്. അത് തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാൽ ചില സമയങ്ങളിൽ എന്നെ ചെയ്യുന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല,'

'അത് കളിയാക്കി അധിക്ഷേപിച്ച് കാണിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. അസിസ് എന്നെ കാണിക്കുന്നത് ഇഷ്ടമല്ല എന്ന് പറയാൻ കാരണം അതാണ്. മുൻപ് ചിലപ്പോൾ കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് ഒരാൾ എല്ലാവരുടെയും മുമ്പിൽവെച്ച് ചെയ്യുന്നത് ശരിയല്ല എന്ന് പറയുന്നത് മോശമല്ലേ. പിന്നെ ഇപ്പോൾ എനിക്ക് പറയാൻ തോന്നിയപ്പോൾ പറഞ്ഞെന്നേയുള്ളൂ. എന്റെ അഭിപ്രായം ഞാൻ ചാനലിൽ പറഞ്ഞത് തന്നെയാണ്. അത് തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്,' അശോകൻ വ്യക്തമാക്കി.

എന്നെ കറക്ട് ആയിട്ട് അനുകരിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ പേര് ഞാൻ പറയുന്നില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്. അത് എല്ലാവർക്കും കഴിയുന്ന ഒരു കാര്യമല്ല. ഒരാൾ ചെയ്യുന്നത് അല്പം കൂട്ടികാണിക്കുക എന്നത് തന്നെയാണ് മിമിക്രിയുടെ രീതി. പക്ഷെ അത് അധിക്ഷേപിക്കുന്ന രീതിയിലേക്ക് പോകരുതെന്നും അശോകൻ പറഞ്ഞു. അസീസ് തന്നെ അനുകരിക്കില്ല എന്ന പ്രതികരണത്തിനും അശോകൻ മറുപടി പറഞ്ഞു.

'അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫെഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് നിർത്താൻ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാൻ പറയുകയുമില്ല. അത് പുള്ളിയുടെ ഇഷ്ട്ടമാണ്. ഞാൻ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണ് നല്ല കലാകാരനാണെന്നാണ്,'

'എന്നാൽ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. എന്നെ വളരെ അധിക്ഷേപിച്ച് ചെയ്യുന്ന ക്ലിപ്പുകൾ ഞാൻ കണ്ടു. എന്നെ കളിയാകുന്നതായോ ആക്ഷേപിക്കുന്നതായോ അരോചകമായിട്ടോ ഒക്കെയാണ് എനിക്ക് തോന്നിയത്,' അശോകൻ പറഞ്ഞു.

നേരത്തെ മാസ്റ്റർ പീസ് എന്ന തന്റെ ആദ്യ വെബ് സീരീസിന്റെ പ്രമോഷൻ ചടങ്ങുകൾക്കിടയിൽ ഒരു അഭിമുഖത്തിലാണ് അശോകൻ അസീസിന്റെ അനുകരണ രീതിയെ വിമർശിച്ചത്. കഴിഞ്ഞ ദിവസം പഴഞ്ചൻ പ്രണയം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ ആയിരുന്നു അസീസ് തന്റെ തീരുമാനം അറിയിച്ചത്.