കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർക്ക് വീണ്ടും വിലക്കേർപ്പെടുത്തി തിയേറ്റർ ഉടമകളുടെ സംഘടന. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ കമ്പനി കുടിശ്ശിക തീർക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രഞ്ജി പണിക്കരുമായി സഹകരിക്കില്ലെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചിരിക്കുന്നത്.

കുടിശ്ശിക തീർക്കുംവരെ രഞ്ജി പണിക്കർ പ്രവർത്തിക്കുന്ന സിനിമകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.കഴിഞ്ഞ ഏപ്രിലിലും ഫിയോക് രഞ്ജി പണിക്കർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിലക്ക് നിലനിൽക്കെതന്നെ അദ്ദേഹം പ്രധാന വേഷത്തിലെത്തിയ സെക്ഷൻ 306 ഐപിസി എന്ന സിനിമ ഏപ്രിൽ എട്ടിന് തിയേറ്ററുകളിൽ എത്തുകയും ചെയ്തിരുന്നു.

'ഹണ്ട്' എന്ന ഷാജി കൈലാസ് ചിത്രമാണ് രഞ്ജി പണിക്കരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ഹൊറർ ത്രില്ലർ സിനിമയിൽ ഭാവനയാണ് പ്രധാന വേഷത്തിലെത്തുന്നത്. സുരേഷ് ഗോപി നായകനായെത്തുന്ന 'ലേലം2'വിന്റെ തിരക്കഥയുടെ പണിപ്പുരയിലുമാണ് രഞ്ജി പണിക്കർ. ഇതിന് പുറമേ ജീത്തു ജോസഫ് ചിത്രത്തിലും രഞ്ജി പണിക്കർ വേഷമിടുന്നുണ്ട്.

രൺജി പണിക്കർ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തിൽ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങൾക്കുൾപ്പെടെയാണ് തിയറ്റർ ഉടമകളുടെ സംഘടന നിസ്സഹകരണം പ്രഖ്യാപിച്ചത്.