ചെന്നൈ: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ട്. തെലങ്കാന വാനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ രാവിലെ വിവാഹം നടന്നതായാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതേസമയം വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല. രണ്ട് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ഒട്ടേറെ വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

2021ൽ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹത്തെക്കുറിച്ച് താരങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

എന്തുകൊണ്ടാണ് ജീവിതത്തിലെ പ്രണയം പരാജയപ്പെടുന്നതെന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് സിദ്ധാർഥ് പറഞ്ഞ മറുപടി ചർച്ചയായിരുന്നു. സിനിമയിൽ സാധാരണയായി നിങ്ങളുടെ പ്രണയം എപ്പോഴും വിജയിക്കാറുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ അങ്ങനെയല്ല, ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ആത്മപരിശോധന നടത്തിയിട്ടുണ്ടോ എന്നായിരുന്നു സിദ്ധാർഥിനോടുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യം. ഞാൻ ഒരിക്കൽ പോലും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, സ്വപ്‌നത്തിൽ പോലും. എന്റെ മുഖം കണ്ണാടിയിൽ കാണുമ്പോഴും താൻ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. പക്ഷേ നിങ്ങൾക്ക് തന്റെ പ്രണയത്തിൽ ആശങ്കയുള്ളതിനാൽ അത് നമുക്ക് വ്യക്തിപരമായി സംസാരിക്കാം. മറ്റുള്ളവർക്ക് അതിലൊരു കാര്യവും ഇല്ലെന്നും സിദ്ധാർത്ഥ് പറഞ്ഞു.

സിദ്ധാർഥും അദിതി റാവു ഹൈദരിയേയും വിമാനത്താവളത്തിൽ വച്ചായിരുന്നു പാപ്പരാസികൾ വളഞ്ഞത്. സാർ ഓടിപ്പോകുന്നുവെന്ന് നടൻ സിദ്ധാർഥിനെ ഉദ്ദേശിച്ച് ഒരു പാപ്പരാസി പറഞ്ഞപ്പോൾ ചിരിയായിരുന്നു അദിതിയുടെ മറുപടി. എന്നാൽ നടൻ സിദ്ധാർഥിന് ഒപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ സാധ്യമല്ല എന്നു തമാശയെന്നോണം അദിതി പറഞ്ഞിരുന്നു. ഇതിന് ശേഷം ഒരു വർഷം പിന്നിടുമ്പോഴാണ് വിവാഹിതരായെന്ന വിവരം പുറത്ത് വരുന്നത്.

ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തിലാണ് അദിതി റാവു ജനിച്ചത്. അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി. അതിനാൽ വാനപർത്തിയിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രവുമായി ഇവരുടെ കുടുംബത്തിന് ദൃഢബന്ധമുണ്ട്. ഇക്കാരണം കൊണ്ടാണ് ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ വെച്ച് അദിതി റാവുവും സിദ്ധാർഥും വിവാഹിതരായതെന്നാണ് വിവരങ്ങൾ.

'താജ്: ഡിവൈഡഡ് ബൈ ബ്ലഡ്' എന്ന വെബ്‌സീരിസിലാണ് അദിതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സിദ്ധാർഥ് പ്രധാനവേഷത്തിലെത്തിയ 'ചിത്താ' ഏറെ ശ്രദ്ധനേടിയിരുന്നു. ശങ്കർ ഒരുക്കുന്ന 'ഇന്ത്യൻ 2'ൽ താരം സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.