- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻനിരക്കാർക്കൊപ്പം അഭിനയിപ്പിക്കുന്നില്ല: പ്രിയാമണി
മുംബൈ: തമിഴിലേയും തെലുങ്കിലേയും മുൻനിര താരങ്ങൾക്കൊപ്പം അഭിനയിപ്പിക്കുന്നില്ലെന്നും ഇക്കാര്യം യഥാർത്ഥത്തിൽ ചോദിക്കേണ്ടത് നിർമ്മാതാക്കളോടും സംവിധായകരോടുമാണെന്നും തുറന്നടിച്ച് നടി പ്രിയാമണി. മലയാളിയാണെങ്കിലും മാതൃഭാഷയിൽമാത്രം ഒതുങ്ങിനിൽക്കാതെ മറ്റുഭാഷകളിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താരം മുൻനിര നായകന്മാരുടെ സിനിമയിൽ അവസരം ലഭിക്കുന്നില്ലെന്ന നിരാശയാണ് തുറന്നു പറഞ്ഞത്.
മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം തരാത്തതെന്തെന്ന് അത്ഭുതം തോന്നുന്നുവെന്ന് ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞു. അതിനുള്ള കാരണം തികച്ചും അവ്യക്തമാണ്. ഇക്കാര്യം യഥാർത്ഥത്തിൽ ചോദിക്കേണ്ടത് നിർമ്മാതാക്കളോടും സംവിധായകരോടുമാണെന്നും പ്രിയാമണി പറഞ്ഞു.
'എല്ലാ ബഹുമാനത്തോടെയും പറയട്ടേ, ആരെയും കുറ്റപ്പെടുത്താനല്ല ഞാൻ ശ്രമിക്കുന്നത്. എന്റെ പ്രകടനം സഹ അഭിനേതാക്കളേക്കാൾ മികച്ചുനിൽക്കും എന്നുള്ളതുകൊണ്ടാണ് എനിക്ക് അവസരം നൽകാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇക്കാര്യമാണ് സ്ഥിരം കേൾക്കുന്നത്. ഇത് ശരിയല്ലെങ്കിലും അവസരം നിഷേധിക്കുന്നതിനുപിന്നിലെ യഥാർത്ഥകാരണം അറിയില്ല. പക്ഷേ കുഴപ്പമില്ല, ഞാൻ വളരെ സന്തോഷവതിയാണ്.' പ്രിയാമണി വിശദീകരിച്ചു.
ഒരിക്കലും വിശ്വസിക്കാത്ത കാര്യം നമ്പർകൊണ്ടുള്ള കളിയാണ്. മറ്റുള്ളവരുടെ കണ്ണിൽപ്പെടണമെങ്കിൽ മുൻനിര നായകന്മാർക്കൊപ്പംതന്നെ അഭിനയിക്കണമെന്ന ചിന്താഗതിക്കാരിയല്ല. അങ്ങനെ ചെയ്യുമ്പോൾ അതിന്റേതായ ഗുണമുണ്ടാവുമെന്ന് മാത്രം. പ്രധാന നടന്മാർക്കൊപ്പം അഭിനയിക്കാൻ വിളിക്കാത്തതിൽ സങ്കടംതോന്നിയിട്ടുണ്ട്. ഇടയ്ക്ക് കാണുമ്പോൾ പരസ്പരം അഭിവാദ്യം ചെയ്യുമെന്നും പ്രിയാമണി വ്യക്തമാക്കി.
അജയ് ദേവ്ഗൺ നായകനാവുന്ന മൈതാൻ ആണ് പ്രിയാമണി അഭിനയിച്ച് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഇന്ത്യൻ ഫുട്‌ബോൾ കോച്ച് ആയിരുന്ന സെയ്ദ് അബ്ദുൾ റഹീമിന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമൃത് ശർമയാണ് സംവിധാനം. കഴിഞ്ഞവർഷം മോഹൻലാൽ നായകനായ നേര് എന്ന ചിത്രത്തിലും അവർ വേഷമിട്ടിരുന്നു. പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ അവർ ജവാൻ, യാമി ഗൗതം നായികയായ ആർട്ടിക്കിൾ 370 എന്നീ ചിത്രങ്ങളിലാണ് ഈയിടെ അഭിനയിച്ചത്.