കൊച്ചി: സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയെ പ്രസംസിച്ച് നടൻ മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കൊപ്പം സിനിമ കാണുന്ന ചിത്രവും അതോടൊപ്പം സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും മോഹൻലാൽ ആരാധകർക്കായി പങ്കുവച്ചു തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു.

മോഹൻലാലിന്റെ കുറിപ്പ്

"കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞ് നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി(ഫിലോസിഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി. സ്നേഹപൂർവ്വം മോഹൻലാൽ"



അതേ സമയം തിയേറ്ററുകളിൽ ആവേശപ്പെരുമഴ തീർക്കുകയാണ് വർഷങ്ങൾക്കു ശേഷം. നാടും വീടും ഒക്കെയുപേക്ഷിച്ച് സിനിമയെന്ന മോഹത്തിലേയ്ക്ക് സഞ്ചരിക്കുന്ന മുരളി, വേണു എന്ന യുവാക്കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ശ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നർമത്തിന് മാത്രമല്ല, വൈകാരിക രംഗങ്ങൾക്കും വിനീത് ശ്രീനിവാസൻ ഇടം നൽകിയിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിൽ പ്രണയത്തിനും നിർണായകമായ സ്ഥാനമുണ്ട്.

നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. വിശ്വജിത്ത് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രണവ് മോഹൻലാൽ നായകനായ 'ഹൃദയം' നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്. വിനീത് ശ്രീനിവാസനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.