കൊച്ചി: ആരോഗ്യപരമായി നേരിടുന്ന ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തി തന്നെ പരിഹസിക്കുന്ന ബോഡി ഷെയ്മിങ് കമന്റുകൾക്ക് മറുപടി നൽകി നടി അന്ന രാജൻ. അടുത്തിടെ അന്ന രാജൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴെയുള്ള കമന്റുകൾക്കാണ് താരം മറുപടി നൽകിയത്. കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും അന്ന തുറന്നു പറയുന്നു.

ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖ ബാധിതയാണെന്നാണ് അന്ന പറയുന്നത്. അതിനാൽ ശരീരം ചിലപ്പോൾ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാൽ അതിനാൽ താൻ ഒന്നും ചെയ്യാതിരിക്കില്ല. എന്റെ വീഡിയോ കാണാൻ താൽപ്പര്യമില്ലാത്തവർ കണേണ്ടതില്ലെന്നും അന്ന തന്റെ വീഡിയോയുടെ അടിയിലിട്ട കമന്റിൽ പറയുന്നു.

ഞാൻ ഈ വീഡിയോ ഇട്ടപ്പോൾ അതിൽ മോശം കമന്റിടുന്നവരെ കണ്ടു. അത്തരം കമന്റുകൾക്ക് നിരവധി ലൈക്ക് ലഭിക്കുന്നത് വേദനജനകാണ്. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ് എന്നും കമന്റിൽ അന്ന പറയുന്നു. ആവേശം സിനിമയിലെ ഇല്ല്യുമിനാറ്റി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് അന്ന പോസ്റ്റ് ചെയ്തത്.

എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരുടെ കരുതലിന് നന്ദി. ഇറുകിയ വസ്ത്രവും ചൂടുള്ള കാലവസ്ഥയും കാരണം എന്റെ ഡാൻസ് ചുവടുകൾക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. കൂടാതെ, ഞാൻ ഒരു പ്രൊഫഷണൽ നർത്തകിയുമല്ല. എന്നിട്ടും ഞാൻ എന്റെ പരമാവധി ശ്രമിച്ചു, ഞാൻ സന്തോഷവതിയാണ്. അടുത്ത തവണ ഇതിനും അപ്പുറം നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇൻസ്റ്റയിൽ അഭിപ്രായം പറയുന്നവർക്കും എന്നെ പിന്തുണയ്ക്കുന്നവർക്കും നന്ദി - എന്നാണ് വീഡിയോയ്ക്ക് അന്ന നൽകിയ ക്യാപ്ഷൻ.