കൊച്ചി: നടൻ ഷെയ്ൻ നിഗം അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയ തലക്കെട്ടും ചർച്ചയായിരുന്നു.തലയിൽ കഫിയ ധരിച്ച ചിത്രത്തിന് 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന തലക്കെട്ടായിരുന്നു താരം നൽകിയിരുന്നത്. റാഫ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഷെയിന്റെ പോസ്റ്റ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ചിത്രം മിനിട്ടുകൾക്കുള്ളിൽ ആരാധകരും വിമർശകരും ഒരുപോലെ ഏറ്റെടുത്തിരുന്നു. മാത്രമല്ല അതിന്റെ സ്‌ക്രീൻ ഷോട്ടുകളും ട്രോളുകളുമൊക്കെ ഇറങ്ങുകയും ചെയ്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാദമായ ആ പോസ്റ്റിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് ഷെയ്ൻ നിഗം.

'ഞാൻ റാഫയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഫിയ കെട്ടി ഫോട്ടോ ഇട്ടു. ഉറപ്പായിട്ടും അവിടെ വരാൻ പോകുന്ന ഒരു കമന്റാണ് ഞാൻ ഇട്ടത്. കാരണം ഇൻസ്റ്റഗ്രാമിൽ എന്റെ മെസേജിനകത്ത് മൊത്തം ഈ പേരിട്ടിട്ട് എന്നെ അറ്റാക്ക് ചെയ്യുന്നുണ്ട്. ഉറപ്പായിട്ടും ആ പോസ്റ്റിലും അങ്ങനെ വരാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇട്ടത്. പിന്നെ വേറെ പ്രശ്‌നമില്ലല്ലോ.ദേഷ്യമുണ്ടായിട്ടല്ല, ഞാൻ തമാശരീതിയിലാണ് ഇതിനെയൊക്കെ കാണുന്നുള്ളൂ. ഇവർ ഇതിനെ സീരിയസായി വ്യാഖ്യാനിക്കുമ്പോഴേ പ്രശ്‌നമുള്ളൂ. നിങ്ങൾ ഇതല്ലേ പറയാൻ പോകുന്നത്, എന്നാൽപ്പിന്നെ ഞാൻ ഇത് തന്നെയാണ് എന്നുള്ള മൈൻഡിലേ ഇട്ടിട്ടുള്ളൂ.എല്ലാവർക്കും ഉള്ളിന്റെയുള്ളിൽ വിഷമമുണ്ടായിട്ടുണ്ടെന്നാണ് ഇത്രയധികം ആളുകൾ ഇതിനെ റീപോസ്റ്റ് ചെയ്യുമ്പോഴും, ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും മനസിലാകുന്നത്. ജനിച്ചപ്പോൾ തൊട്ട് പറഞ്ഞുതന്ന കാര്യങ്ങളാണ് നമ്മുടെ തലയിൽ. ഒരു പോയിന്റ് കഴിയുമ്പോൾ ഇതെല്ലാം കുറച്ചൊക്കെ ഉപേക്ഷിക്കേണ്ടിവരും. എന്നാലെ സമാധാനായിട്ട് ഈ സമൂഹത്തിൽ സ്നേഹത്തോടെ ജീവിക്കാൻ പറ്റുകയുള്ളൂ.'- ഷെയ്ൻ നിഗം പറഞ്ഞു.

അതേസമയം, ഷെയിനിന്റെ പുതിയ ചിത്രമായ ലിറ്റിൽ ഹാർട്‌സ് ഈ മാസം ഏഴിനാണ് റിലീസ് ചെയ്യുന്നത്.ആർഡിഎക്സ് എന്ന ചിത്രത്തിലെ ഷെയ്നിന്റെ നായിക മഹിമ നമ്പ്യാർ ആണ് ഈ സിനിമയിലും നായികയായെത്തുന്നത്. ബാബുരാജ്, ഷൈൻ ടോം ചാക്കോ, രൺജി പണിക്കർ, ജാഫർ ഇടുക്കി, ഐമാ സെബാസ്റ്റ്യൻ, രമ്യാ സുവി, മാലാ പാർവതി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്രാ തോമസ്, വിൽസൻ തോമസ് എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.