- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷ സജയനെതിരെ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഗോകുൽ സുരേഷ്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെ നടി നിമിഷ സജയനെതിരെ ഉയർന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. നടി അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സൈബർ ആക്രമണത്തിലും വ്യക്തിപരമായി വിഷമം മാത്രമേയുള്ളൂവെന്ന് ഗോകുൽ പറയുന്നു. അന്ന് അത് പറയുമ്പോൾ താൻ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയർ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നുള്ള ഒരു ചിന്ത ഉണ്ടായിരുന്നില്ലെന്നും ഗോകുൽ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിമിഷയുടെ പേര് പരാമർശിക്കാതെയായിരുന്നു ഗോകുൽ സംസാരിച്ചത്.
താൻ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയർ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അന്ന് അവർ ചിന്തിച്ചില്ല എന്നാണ് ഗോകുൽ സുരേഷ് പറഞ്ഞത്. ഇതിന്റെ പേരിൽ അവർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ വ്യക്തിപരമായി വിഷമമുണ്ടെന്നും ഗോകുൽ പറഞ്ഞു.
'ആ നടി അത് പറഞ്ഞിട്ട് ഇത്രയും വർഷമായില്ലേ. അന്നത് പറയുമ്പോൾ ഒരു സഹപ്രവർത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താൻ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയർ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ ഉള്ള ഒരു ചിന്ത അപ്പോൾ ഉണ്ടായിരുന്നിരിക്കില്ല. ഇന്ന് അവർക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവർ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ.'- ഗോകുൽ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന ജനാവലി റാലിയിൽ പങ്കെടുത്തഴുള്ള നിമിഷ സജയന്റെ പ്രസംഗമാണ് വിവാദമായത്. 'തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ കൊടുക്കൂല്ല- എന്നാണ് താരം പറഞ്ഞത്. തൃശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചതോടെ സൈബർ ആക്രമണം രൂക്ഷമാവുകയായിരുന്നു. തൃശൂര് തൊട്ടുകളിച്ചാൽ ഇതാകും അവസ്ഥയെന്ന് പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് താരത്തിന്റെ അക്കൗണ്ടിന് താഴെ എത്തിയത്.
സുരേഷ് ഗോപിക്കെതിരായി വരുന്ന ട്രോളുകളെ കുറിച്ചും താരം സംസാരിച്ചു. 'അച്ഛൻ തോറ്റാലും വലിയ വിഷമമൊന്നും ഇല്ലായിരുന്നു. അപ്പോൾ ജയിക്കുമ്പോൾ വിഷമിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ എന്റെ മുമ്പിൽ ക്യാമറ പിടിച്ചിരിക്കുന്ന ആളുകളും അല്ലെങ്കിൽ ഇതിനു മുകളിലുള്ള മാധ്യമങ്ങളുമാണ് അച്ഛനെ കരിവാരിത്തേക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത്. അതിനെയൊക്കെ മറികടന്ന് അച്ഛൻ ഇവിടെ വരെ എത്തിയത് വലിയ കാര്യമാണ്. കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയാലും കിട്ടിയില്ലെങ്കിലും നല്ലത്. ആ സ്ഥാനം കിട്ടിയില്ലെങ്കിൽപ്പോലും നല്ല കാര്യങ്ങൾ ചെയ്യാൻ അച്ഛന് സാധിക്കും. എന്തെങ്കിലും മോശമോ അബദ്ധമോ പറ്റുമ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾ കാണിക്കുന്ന വ്യഗ്രത നല്ലത് ചെയ്യുമ്പോളും കാണിക്കണം.' ഗോകുൽ പറഞ്ഞു.
'ക്യാമറ പിടിച്ച് ഇപ്പോൾ മുന്നിൽ നിൽക്കുന്നവർ തന്നെയാണ് നെഗറ്റിവ് കണ്ടന്റുകളെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്നത്. ഏതെങ്കിലും ഒരു ചാനൽ കണ്ടന്റ് ഇടുന്നു, അതിൽ നിന്നും പല ഭാഗങ്ങളെടുത്ത് വിവിധ വിഡിയോകളാക്കി മറ്റ് ചാനലുകാർ പോസ്റ്റ് ചെയ്യുന്നു. എന്നിട്ട് സുരേഷ് ഗോപിയെ ചവിട്ടി കീറും, വലിച്ചുകീറും, ചീത്ത വിളിപ്പിക്കും, അതിനായി ഉതകുന്ന തലക്കെട്ടും നൽകിയിട്ടുണ്ടാകും. അങ്ങനെയൊരു സാഹചര്യമുണ്ടാകുമ്പോൾ അതിന്റെ ഒറിജിനൽ കണ്ടന്റ് നൽകിയവർ മുന്നോട്ട് വരികയോ, സുരേഷ് ഗോപി പറഞ്ഞ കാര്യമെന്താണെന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ല. ഇത്തരത്തിലുള്ള നട്ടെല്ലില്ലായ്മ പല മാധ്യമങ്ങൾക്കും ഉണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ട്. ഇതിലൂടെ സഞ്ചരിക്കുക എന്നുള്ളത് മാത്രമാണ് പോംവഴിയെന്നറിയാം.'ഗോകുൽ പയുന്നു.
'സുരേഷ് ഗോപിയെ തെറി വിളിപ്പിക്കാൻ സോഷ്യൽ മീഡിയയും മുന്നിലായിരുന്നു. നല്ലത് പറയാനും പിന്തുണയ്ക്കാനും ചിലരുണ്ടായിരുന്നെങ്കിലും അവർ ചെറിയൊരു കൂട്ടം മാത്രമായി ഒതുങ്ങി. സുരേഷ് ഗോപിയെ മോശം പറയാനും തെറി വിളിപ്പിക്കാനും കച്ചകെട്ടി ഇറങ്ങിയവരായിരുന്നു കൂടുതലും. അതൊരു പക്ഷേ അവരുടെ അജണ്ടയാകും. ഇപ്പോൾ സുരേഷ് ഗോപി ജയിച്ച് വന്നപ്പോൾ അദ്ദേഹത്തെ വേദനിപ്പിച്ച ചാനലുകാർ തന്നെ പിന്തുണയ്ക്കാൻ ഒരുപക്ഷേ ശ്രമിക്കാം. മാധ്യമങ്ങൾ ഒരാളെ താറടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തുടരുക തന്നെ ചെയ്യും. അങ്ങനെ അടിച്ചമർത്തി കൊല്ലാൻ ശ്രമിച്ചതിനെ അതിജീവിച്ച് അയാൾ വിജയിച്ച് വന്നാൽ ഈ വേദനിപ്പിച്ചവർ തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നതാണ് വാസ്തവം. വ്യാജമായ യാഥാർഥ്യത്തിലാണ് നാം ജീവിക്കുന്നത്.'ഗോകുൽ സുരേഷ് കൂട്ടിച്ചേർത്തു.