തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രതികരണവുമായി നടന്‍ ജോയ് മാത്യു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഗുരുതരമാണെങ്കില്‍ നാലരക്കൊലം പൂഴ്ത്തിവെച്ച സര്‍ക്കാരിന് അത് മനസ്സിലായില്ലേ എന്ന് ജോയ് മാത്യു ചോദിച്ചു. ജനം പറഞ്ഞപ്പോഴാണ് സര്‍ക്കാറിന് അത് മനസ്സിലായത്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും വായിച്ചു കഴിഞ്ഞിട്ടില്ല. അമ്മ എന്ന സംഘടനയ്ക്ക് എതിരല്ല റിപ്പോര്‍ട്ട്. ജനത്തിന് വേണ്ടത് ഈ സംഘടനയെ എങ്ങനെയെങ്കിലും താറടിക്കുക എന്നതാണ്. ഇത് പഠിച്ചിട്ട് പറയാനാണ് ഞാന്‍ ഇത്രയും സമയം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

നിയമവശം അറിയുന്ന ഒരാള്‍ക്ക് മാത്രമേ ഇത് വായിച്ചാല്‍ മനസ്സിലാവുകയുള്ളൂ എന്നും സാധാരണക്കാരന് മനസ്സിലാവാന്‍ ബുദ്ധിമുട്ടുണ്ട് എന്നും ജോയ് മാത്യു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചു. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കേണ്ടതാണ്. ഇതൊരു കമ്മറ്റി റിപ്പോര്‍ട്ട് മാത്രമാണ്. ജുഡീഷ്യല്‍ പവര്‍ ഇല്ലാത്ത കമ്മറ്റി റിപ്പോര്‍ട്ട് ആണ്. അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. എനിക്ക് അതിന്റെ നിയമവശം അറിയില്ല. പ്രശ്‌നം പറയുന്നവര്‍ക്ക് നേരിട്ടുതന്നെ പരാതി കൊടുക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. നിയമ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതുമാണ്.

'ഒരു ഇന്‍ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം ഗുണകരമല്ല സിനിമയെ മാത്രമല്ല എല്ലാ ഇന്‍ഡസ്ട്രിക്കും ഇത് ബാധകമാണ്. അവര്‍ ഫൈറ്റ് ചെയ്യാന്‍ തയ്യാറല്ല എങ്കില്‍ നമ്മള്‍ എന്ത് ചെയ്യും? ആര് എന്ത് എന്ന് അറിയാതെ എങ്ങനെ കേസെടുക്കും? ഈ റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ച പല കാര്യങ്ങളും വളരെ പോസിറ്റീവ് ആണ്. അത് നടപ്പില്‍ വരുത്തേണ്ടതായിരുന്നു. ഇനിയും അതിന് സാധിക്കും. റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നങ്കില്‍ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയാവുകയും പറ്റാവുന്ന കാര്യങ്ങള്‍ നപ്പിലാക്കുകയും ചെയ്യാമായിരുന്നു. ഇനിയും അത് പറ്റും. സ്ത്രീകള്‍ക്കുള്ള ശുചിമുറി, സൗകര്യങ്ങള്‍ വസ്ത്രം മാറാനുള്ള സൗകര്യം, വേതനങ്ങളിലെ ബാലന്‍സിംഗ് ഇല്ല എന്നതൊക്കെ പരിഹരിക്കാവുന്ന കാര്യങ്ങളാണ്. ഞങ്ങളുടെ സംഘടനയില്‍ തന്നെ ഐസിസി ഉണ്ട്.' ജോയ് മാത്യു പറഞ്ഞു.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകാം എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലേത് പോലെ സിനിമ മേഖലയിലും പല തട്ടുകളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകാമെന്നും ദിലീപ് കേസില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്കും അവസരം നഷ്ടമായെന്നും ജോയ് മാത്യു തുറന്നുപറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത് തെറ്റാണെന്നും ജോയ് മാത്യു പറഞ്ഞു. ഒളിച്ചുവെച്ച വിവരങ്ങള്‍ എല്ലാം പുറത്തുവരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എല്ലാവരും മോശക്കാരാണെന്ന പ്രതീതി ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചര്‍ച്ച ചെയ്യും ജോയ് മാത്യു പറഞ്ഞു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് ഉള്ള സൗകര്യങ്ങള്‍ മെച്ചപ്പെടമെന്നും നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചത് സര്‍ക്കാര്‍ ചെയ്ത തെറ്റാണെന്നും ജോയ് മാത്യു പറഞ്ഞു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവമായി അദ്ദേഹം രംഗത്ത് വന്നിരുന്നു. ' ഹേമകമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷം പുറത്തുവിടാതിരുന്ന ഇടതുപക്ഷ വിപ്ലവ സര്‍ക്കാറിന്നഭിവാദ്യങ്ങള്‍; റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വേണ്ടി പോരാടിയവര്‍ക്കും അഭിവാദ്യങ്ങള്‍, എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

അതേ സമയം പുറത്തിവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ കൂടുതല്‍ ഭാഗം ഒഴിവാക്കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിവാരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനെക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കി എന്ന ആരോപണമാണ് ഉയരുന്നത് റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതായി ആണ് ആരോപണം. ആകെ 128 പാരഗ്രാഫകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതായി പറയുന്നു.

21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാര്‍ ഇതിലധികം ഭാഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് ആരോപണം. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായയി അപേക്ഷകര്‍ക്ക് നല്‍കിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയില്ല.

സ്വകാര്യതയെ മാനിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നാണ് സര്‍ക്കാര്‍ വിശദീകപരണം. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പാരഗ്രാഫുകള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ( ഡബ്ല്യൂ സി സി ) ആവസ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകള്‍ ഉള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്ത് വന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിരുന്നു. സിനിമയുടെ ആകാശം നിഗൂഢമാണ് എന്നും കാണുന്നത് പോലെ ശോഭയുള്ളതല്ല സിനിമ രംഗം എന്നും ഇതില്‍ പറയുന്നുണ്ട്.