- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുഷ്പ 2: ദ റൂള്‍' ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളില്‍; ചിത്രത്തിന് അല്ലു അര്ജുന് വാങ്ങിയത് 300 കോടി രൂപ; ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകന്; ഫഹദിന് ലഭിച്ചതും കോടികള്‍
പുഷ്പ 2: പ്രതിഫല റെക്കോര്‍ഡ് തകര്‍ത്ത് അല്ലു അര്ജുന്
ഹൈദരാബാദ്: പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂള്‍' ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ തിയേറ്ററില്‍ റിലീസിന് മുമ്പേ തന്നെ ബോക്സ് ഓഫീസില്‍ റെക്കോഡുകള്‍ തകര്‍ക്കുകയാണ്. അല്ലു അര്‍ജുന്‍ നായകനായ ഇന്ത്യന്‍ സിനിമ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയില്‍ ഏറ്റവും വേഗത്തില്‍ 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച ചിത്രമായി മാറിക്കഴിഞ്ഞു.
ബാഹുബലി 2, കെജിഎഫ് 2, കല്‍ക്കി 2898 എഡി തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ അഡ്വാന്‍സ് ബുക്കിംഗ് റെക്കോര്‍ഡുകളും പുഷ്പ 2 ഇതിനകം തകര്‍ത്തു കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 200 കോടിക്ക് അടുത്ത് നേടിയേക്കും എന്നാണ് മൂവി ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
ചിത്രം തിയേറ്ററില്‍ എത്താന്‍ ഒരു ദിവസം മാത്രം ശേഷിക്കേ, ചിത്രത്തില്‍ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'പുഷ്പ ദ റൈസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അടുത്തിടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ അല്ലു അര്‍ജുന്‍ വീണ്ടും പുഷ്പ രാജായി തിരിച്ചുവരുമ്പോള്‍ പ്രതിഫല റെക്കോഡുകള്‍ കൂടി തകര്‍ക്കുകയാണ്.
ചിത്രത്തിനായി അല്ലു അര്‍ജുന്‍ 300 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി അല്ലു മാറി.
സിങ് ശെഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുഷ്പയില്‍ തകര്‍ത്താടിയ ഫഹദ് ഫാസിലിന്റെ പ്രതിഫലവും പുറത്തുവന്നു. എട്ട് കോടി രൂപയാണ് ചിത്രത്തിത്തിനായി ഫഹദ് വാങ്ങിയത്. പുഷ്പ 2വിലെ അഭിനയത്തിന് രശ്മിക ഈടാക്കിയത് 10 കോടി രൂപയാണ്. അല്ലു അര്‍ജുനൊപ്പം 'കിസ്സിക്ക്' എന്ന ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീലീലക്ക് രണ്ട് കോടിയാണ് പ്രതിഫലം. ഗാനം ഇതിനകം തന്നെ വലിയ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീര്‍ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
പ്രധാന മള്‍ട്ടിപ്ലസ് ശൃംഖലകളില്‍ റിലീസ് ദിനത്തില്‍ 20-ലധികം ഷോകള്‍ പുഷ്പയ്ക്കായി ചാര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. പ്രേക്ഷകരുടെ താല്‍പ്പര്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഷോകളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.
മുന്‍കൂര്‍ ബുക്കിംഗിലൂടെ മാത്രം പുഷ്പ 2: ദി റൂള്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ നിന്ന് 35.17 കോടിയും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 17.57 കോടിയും ഉള്‍പ്പെടെ ഇതിനകം 52.74 കോടി നേടിയിട്ടുണ്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ ഇതുവരെയുള്ള എല്ലാ റെക്കോഡും തകര്‍ത്തിരിക്കുകയാണ്. അതേ സമയം അല്ലു ചിത്രം വന്‍ കളക്ഷന്‍ പ്രതീക്ഷിക്കുന്ന നോര്‍ത്ത് ഇന്ത്യയിലെ അടക്കം സിംഗിള്‍ സ്‌ക്രീന്‍ കണക്കുകള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല.
മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിംഗ്‌സും നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്‍സ് ആണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയ വന്‍താര നിര അണിനിരക്കുന്നുണ്ട്.
സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.