മുംബൈ: ബോളിവുഡിന്റെ 'ഗ്രീക്ക് ദൈവം' എന്നറിയപ്പെടുന്ന ഹൃത്വിക് റോഷന്‍ ലോകത്ത് ഏറ്റവും സൗന്ദര്യമുള്ള പുരുഷന്‍മാരുടെ പട്ടികയില്‍ വീണ്ടും ഇടംപിടിച്ചു. അമ്പത്തിയൊന്നാം വയസിലും ആരാധകര്‍ അസൂയയോടെ നോക്കി കാണുന്ന ഈ 'ഗ്രീക്ക് ദൈവം' ലോക സുന്ദരന്മാരുടെ പട്ടികയില്‍ വീണ്ടും ഇടംനേടിയിരിക്കുകയാണ്. ടെക്നോസ്പോര്‍ട്ട്സ് ഡോട്ട് കോ ഡോട്ട് ഇന്‍ നടത്തിയ സര്‍വ്വെയിലാണ് ഹൃത്വിക് റോഷന്‍ ഇടം നേടിയിരിക്കുന്നത്. അഞ്ചാം സ്ഥാനത്താണ് താരം. മലയാളികള്‍ക്കിടയില്‍ അടക്കം വലിയ തോതില്‍ പ്രചുര പ്രചാരം നേടിയ ബിടിഎസ് ബാന്‍ഡിലെ കിം തെ യുങ് ആണ് ഒന്നാം സ്ഥാനക്കാരന്‍. കഴിഞ്ഞ കുറച്ച് കാലമായി കിം തെ യുങ് തന്നെയാണ് ഒന്നാം സ്ഥാനക്കാരന്‍.

ഹോളിവുഡ് നടന്‍മാരായ ബ്രാഡ് പിറ്റും റോബര്‍ട്ട് പാറ്റിസണും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിരിക്കുന്നു. കനേഡിയന്‍ മോഡലും നടനുമായ നോവ മില്‍സ് ആണ് നാലാം സ്ഥാനത്ത്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ആറാം സ്ഥാനത്ത്. നടന്‍മാരായ ക്രിസ് ഇവാന്‍സ്, ഹെന്റി കാവില്‍, ടോം ക്രൂസ് എന്നിവരാണ് യഥാക്രമം എഴ്, എട്ട്, ഒന്‍പത് സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച നടന്‍ ബ്രാഡ്‌ലി കൂപ്പര്‍ ആണ് പത്താം സ്ഥാനത്ത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് 2019 ല്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് ഒന്നാമതെത്തിയിരുന്നു.

ഫൈറ്റര്‍ എന്ന ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദീപിക പദുക്കോണ്‍ ആയിരുന്നു നായികയായി എത്തിയത്. ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ക്രിഷ് 4 വരുമെന്ന തരത്തിലാണ് നിലവിലെ ചര്‍ച്ചകള്‍.