കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കേക്കെതിരെ നടി വിന്‍സി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിനെ പിന്തുണച്ച് സൂത്രവാക്യം എന്ന ചിത്രത്തിലെ സഹനടന്‍ സുഭാഷ് പോണോളി. വിന്‍സിയോട് ഷൂട്ടിംഗ് സെറ്റില്‍ ഷൈന്‍ മോശമായി പെരുമാറിയെന്ന് ടെക്‌നീഷ്യന്മാര്‍ പറഞ്ഞു. ലഹരി ഉപയോഗിച്ചതിന് സമാനമായ പെരുമാറ്റമാണ് ഷൈനിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സുഭാഷ് പോണോളി പറഞ്ഞു.

വിന്‍സി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്നീട് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നാണ് പറഞ്ഞറിഞ്ഞത്. അന്ന് വിന്‍സിയുടെ മുഖത്ത് സങ്കടം ഉണ്ടായിരുന്നു. വളരെ എനര്‍ജറ്റിക്കായി പെരുമാറുന്ന വിന്‍സി വളരെ മൂഖമായാണ് പെരുമാറിയത്.

ഷൂട്ടിംഗ് കഴിഞ്ഞ് സഹായിയോടൊപ്പം കാരവാനിലേക്ക് പോകുന്നതല്ലാതെ മറ്റാരുമായി സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ കാരവാനിലേക്ക് ഓടിക്കയറുക, കെട്ടിടത്തിന്റെ മുകളിലേക്ക് ചാടിക്കയറുക, കെട്ടിടത്തില്‍ നിന്ന് ചാടുക തുടങ്ങി അസാധാരണ പെരുമാറ്റം ഷൈനിന്റെ ഭാഗത്തുനിന്നുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഷൈനിനായി കൊച്ചിയിലും തൃശൂരിലും പൊലീസിന്റെ വ്യാപക അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ കൊച്ചിയിലെ ഹോട്ടലില്‍ നടന്ന ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയത്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.