അമ്മയാകാന്‍ ഒരുങ്ങി നടി ദുര്‍ഗ കൃഷ്ണ. താരം തന്നെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം ആരാധകരോടായി പങ്കുവച്ചത്. സിമ്പിളി ദുര്‍ഗ എന്ന പേരില്‍ നടിയൊരു യുട്യൂബ് ചാനല്‍ ഇന്ന് തുടങ്ങിയിരുന്നു. ഇതിന്റെ ആദ്യ വീഡിയോയിലൂടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ദുര്‍ഗ അറിയിച്ചത്. ഭര്‍ത്താവ് അര്‍ജുനൊപ്പമുള്ള മനോഹരമായ വീഡിയോയാണ് ദുര്‍ഹ പങ്കുവെച്ചത്.

'ഞങ്ങളുടെ പുതിയ എപ്പിസോഡ് തുടങ്ങുന്നു' എന്ന് കുറിച്ചു കൊണ്ടായിരുന്നു ദുര്‍ഗ വീഡിയോ പങ്കിട്ടത്. പിന്നാലെ ആശംസകളുമായി സിനിമാ തരങ്ങള്‍ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്ത് എത്തിയിരുന്നു. തന്റെ മറ്റ് വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ യുട്യൂബ് ചാനലിലൂടെ അറിയിക്കുമെന്നും ദുര്‍ഗ അറിയിച്ചിട്ടുണ്ട്.

'ഞങ്ങള്‍ക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍' എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമിലും വീഡിയോയുടെ ചെറിയൊരു ഭാഗം ദുര്‍ഗ കൃഷ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2021 ഏപ്രില്‍ 21ന് ആയിരുന്നു ദുര്‍ഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനും വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ വിമാനം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി.