ചെന്നൈ: പ്രശസ്ത കമല്‍ ചിത്രത്തിലെ തന്റെ ഗാനം അനധികൃതമായി ഉപയോഗിച്ചതിനെതിരെ ഇളയരാജ കോടതിയിലേക്ക്. വനിത വിജയകുമാര്‍ അഭിനയിച്ച മിസിസ് ആന്റ് മിസ്റ്റര്‍ എന്ന ചിത്രത്തിലെ ഇളയരാജ ഗാനം എത്രയും വേഗം നീക്കണമെന്നാവശ്യപ്പെട്ടാണ് 'ഇസൈജ്ഞാനി' മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കോടതി കേസ് വാദം കേള്‍ക്കും.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയില്‍ ഇളയരാജയുടെ 'മൈക്കിള്‍ മദന കാമരാജന്‍' എന്ന പ്രശസ്ത കമല്‍ ചിത്രത്തിലെ 'രാത്തിരി ശിവരാത്തിരി..' എന്ന ഗാനമാണ് അനുമതിയില്ലാതെ ഉപയോഗിച്ചിരിക്കുന്നത്. സ്വന്തം കംപോസിഷനിലെ ഗാനം അനധികൃതമായാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന ആക്ഷേപമുന്നയിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്.

പകര്‍പ്പവകാശ നിയമപ്രകാരം ഗാനം തന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഉപയോഗിക്കാന്‍ പാടില്ല. തന്നെയുമല്ല, തന്റെ ഗാനം അനുമതിയില്ലാതെ രൂപമാറ്റം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍ സിനിമയില്‍ നിന്ന് എത്രയും വേഗം ഗാനം നീക്കണമെന്നാണ് ഇളയരാജ കോടതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇളയരാജയുടെ വക്കീല്‍ എ. ശരവണനാണ് ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി മുമ്പാകെ അടിയന്തരവാദം കേള്‍ക്കുന്നതിനായി അപ്പീല്‍ നല്‍കിയത്.