കൊച്ചി: സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കിയതിനിടെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇന്നാണ് ചെന്നൈയില്‍ നിന്നും മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പേട്രിയറ്റ് സിനിമയുടെ ലൊക്കേഷനിലേക്ക് മമ്മൂട്ടി യാത്ര തിരിച്ചത്. ക്യാമറ വിളിക്കുന്നുവെന്നും തന്റെ അഭാവത്തില്‍ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ലെന്നും മമ്മൂട്ടി കുറിച്ചു.

'ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍ മടങ്ങിയെത്തുന്നു. എന്റെ അഭാവത്തില്‍ എന്നെ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ വാക്കുകള്‍ മതിയാവില്ല. ക്യാമറ വിളിക്കുന്നു...' ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മമ്മൂട്ടി പറയുന്നു.

ഓഗസ്റ്റ് 19-നാണ് മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി എന്ന വാര്‍ത്ത എത്തിയത്. നാളെ മമ്മൂട്ടി ഹൈദരാബാദില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സെറ്റില്‍ എത്താനിരിക്കെ നടന്റെ പ്രശസ്ത സിനിമാ ഡയലോഗുകളും രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയശേഷം രണ്ട് വട്ടമെ മമ്മൂട്ടി വീട്ടിലിരുന്നിട്ടുള്ളു. കോവിഡ് കാലത്തും പിന്നെ ഇക്കഴിഞ്ഞ ഏഴുമാസത്തെ ചികില്‍സാക്കാലവും. നടന്റെ ബാക്കികാലമൊക്കെയും കഥാപാത്രങ്ങള്‍ കടമെടുത്തതായി. മലയാള സിനിമയുടെ ഒരു കാലം അടയാളപ്പെടുത്തിയ എത്രയെത്ര കഥാപാത്രങ്ങളാണ് മമ്മൂട്ടി ചെയ്തത്. ബിഗ് സ്‌ക്രീനിന് പുറത്ത് തലമുറകളെ പ്രചോദിപ്പിക്കുന്ന സ്‌റ്റൈല്‍ ഐക്കണായി നിലകൊള്ളുമ്പോള്‍ പ്രായം റിവേഴ്‌സ് ഗിയറിലിട്ട നടന്‍. അവിടെനിന്ന് വീണ്ടും പരകായപ്രവേശത്തിന്റെ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയ കാഴ്ചകള്‍. ഇടയ്‌ക്കൊന്ന് കിതച്ചിടത്ത് വിശ്രമിച്ച് നാളെ വീണ്ടും പുതിയ യാത്രകളിലേക്ക് മമ്മൂട്ടി എത്തുകയാണ്.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ഒപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായത് കൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കിക്കാണുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്റം പ്രവീണ്‍. ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്.