ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താര ജോഡികളാണ് വിജയ് ദേവണക്കൊണ്ടയും രശ്മിക മന്ദാനയും. ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ ഒരുമിച്ചൊരു സ്‌ക്രീന്‍ ഷെയര്‍ ചെയ്തത്. പിന്നാലെ ഗീതാ ഗേവിന്ദമടക്കമുള്ള സിനിമകളിലും ഇരുവരും ഒന്നിച്ചെത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാഷണല്‍ ക്രഷായി മാറിയ രശ്മിയും വിജയിയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഏറ്റവും ഒടുവില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഫെബ്രുവരിയില്‍ വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 2026 ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാകും. ഒക്ടോബര്‍ 3ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് താരങ്ങളുടെ നിശ്ചയം നടന്നതെന്നും നടന്റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകളെന്നും പറയപ്പെടുന്നു. നിശ്ചയത്തിന്റേതെന്ന പേരില്‍ ഏതാനും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിന്നാലെ രസകരമായ കമന്റുകളുമായി പ്രേക്ഷകരും രംഗത്ത് എത്തി. 'ഇതൊക്കെ ഉള്ളതാണോടെയ്, അവരറിഞ്ഞോ' എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍.

ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതീവ സ്വകാര്യമായാണ് ഇരുവരും പ്രണയം മുന്നോട്ട് കൊണ്ടുപോയത്. പ്രണയത്തിലാണോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല. വിവാഹനിശ്ചയത്തെ കുറിച്ചും താരങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. സാരിയില്‍ ഉള്ള ചിത്രം രശ്മിക കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത് വിവാഹനിശ്ചയത്തിന് താരം ധരിച്ചിരുന്നതാണെന്നാണ് ആരാധകര്‍ കരുതുന്നത്. ദസറ ആശംസകള്‍ക്കൊപ്പമായിരുന്നു ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരം ചിത്രം പങ്കുവച്ചത്.

ആദിത്യ സര്‍പോത്ദറിന്റെ ഹൊറര്‍ കോമഡി ചിത്രം തമ്മയാണ് രശ്മികയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ആയുഷ്മാന്‍ ഖുറാന നായകനാകുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും പരേഷ് റാവലുമടക്കമുള്ള പ്രമുഖര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

കുബേര എന്ന ചിത്രമാണ് രശ്മികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ധനുഷ് നായകനായി എത്തിയ ചിത്രം ശേഖര്‍ കമ്മുലയാണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ നാഗ ചൈതന്യയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കിംഗ്ഡം എന്ന ചിത്രത്തിലാണ് വിജയ് ദേവരക്കൊണ്ട ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഗൗതം ടിന്നനൂരി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ട, സത്യദേവ്, ഭാഗ്യശ്രീ ബോര്‍സ് എന്നിവരോടൊപ്പം അഭിനയിച്ചിരുന്നു. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര റിവ്യു ലഭിച്ച ചിത്രം 2025 ജൂലൈ 31നാണ് തിയറ്ററുകളില്‍ എത്തിയത്.