- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയാള്‍ വിളിച്ച് ചാന്‍സ് തന്നാല്‍ ഒന്നുമിന്നിമറഞ്ഞിട്ട് പോവും'; 'മകള്‍ നായികയാവുന്ന ചിത്രത്തില്‍ അഭിനയിക്കുമോ' എന്ന ചോദ്യത്തിന് മറുപടിയുമായി മോഹന്‍ലാല്‍; ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകനും
കൊച്ചി: മോഹന്‍ലാലിന്റെ മകള്‍ വിസ്മയ നായികയാകുന്ന തുടക്കം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. 'തുടക്ക'ത്തില്‍ അഭിനയിക്കാന്‍ താന്‍ മോഹന്‍ലാലിനോട് അഭ്യര്‍ഥിക്കുന്നുണ്ടെന്ന് ജൂഡ് പറഞ്ഞു. ചിലപ്പോള്‍ ഒരു മിന്നായംപോലെ ചിത്രത്തില്‍ കണ്ടേക്കാമെന്നും സംവിധായകന്‍ വ്യക്തമാക്കി. ജൂഡ് വിളിച്ച് അവസരം തന്നാല്‍ മിന്നിമറഞ്ഞുപോകുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
'തുടക്കം' പൂജയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്ന ജൂഡും മോഹന്‍ലാലും. 'ലാലേട്ടനോട് ഒരു റിക്വസ്റ്റ് പോലെ ഇടയ്ക്ക് പറയുന്നുണ്ട്, എന്തെങ്കിലും ഒരു മിന്നായംപോലെ കണ്ടേക്കാം. അത്രയേയുള്ളൂ', എന്നായിരുന്നു ജൂഡിനോടുള്ള ചോദ്യത്തിന് മറുപടി. 'അയാള്‍ വിളിച്ച് ചാന്‍സ് തന്നാല്‍ ഒന്നുമിന്നിമറഞ്ഞിട്ട് പോവും', മോഹന്‍ലാലും മറുപടി നല്‍കി.
മോഹന്‍ലാലും മക്കളായ പ്രണവ് മോഹന്‍ലാലും വിസ്മയ മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഭാവിയിലുണ്ടാവുമോ എന്ന ചോദ്യത്തോട് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: 'പ്രതീക്ഷിച്ചോളൂ സാധിക്കുമോ എന്നെനിക്കറിയില്ല. പ്രതീക്ഷിക്കുന്നതിന് എന്താ കുഴപ്പം? അങ്ങനെ സംഭവിക്കട്ടെ. ആഗ്രഹിച്ചതുകൊണ്ട് കാര്യമില്ലല്ലോ, സംഭവിക്കട്ടേ എന്നേ പറയാന്‍ പറ്റുകയുള്ളൂ. സംഭവിക്കുമ്പോഴാണല്ലോ ആഗ്രഹം സഫലീകരിക്കുന്നത്. ചുമ്മാ ഒരു കഥയുണ്ടാക്കി അഭിനയിച്ചിട്ട് കാര്യമില്ലല്ലോ? അങ്ങനെയൊരു കഥയും സംവിധായകനുമുണ്ടാവട്ടെ. അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ടാവട്ടെ'.
'തുടക്കം' ആക്ഷന്‍ സിനിമയല്ലെന്ന് സംവിധായകന്‍ ജൂഡ് വ്യക്തമാക്കി. 'ഇതൊരു ആക്ഷന്‍ സിനിമയാണെന്നൊന്നും ആരുംവിചാരിക്കരുത്. ഇതിനകത്ത് ആക്ഷനുണ്ട്, എന്നാല്‍ ആക്ഷന്‍ സിനിമയൊന്നുമല്ല. നമ്മുടെ വീടുകളിലൊക്കെ സംഭവിക്കുന്ന കഥയാണ്', അദ്ദേഹം പറഞ്ഞു.
'എന്റെ ഒരു ചിത്രത്തെക്കുറിച്ചും ആര്‍ക്കും ഒരുപ്രതീക്ഷയും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷയുടെ അമിതഭാരവുമില്ല. നന്നായി ഗൃഹപാഠംചെയ്താണ് സിനിമയൊരുക്കുന്നത് എന്നാണ് എന്റെ വിശ്വാസം. സിനിമ ചെയ്യാന്‍ തോന്നുമ്പോള്‍ മാത്രം, പട്ടിണിയാവുമ്പോള്‍ സിനിമ ചെയ്യുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് ഇത് ചെറിയ സിനിമയാണ്', ജൂഡ് കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലിന്റെ മകനും വിസ്മയയുടെ സഹോദരനുമായ പ്രണവ് മോഹന്‍ലാല്‍ ക്ലാപ്പടിച്ചുകൊണ്ട് സിനിമയ്ക്ക് തുടക്കം കുറിച്ചു. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. മകള്‍ സിനിമയില്‍ എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ആന്റണിയുടെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എമ്പുരാന്‍ എന്ന ചിത്രത്തില്‍ ആശിഷ് ചെറിയ വേഷം ചെയ്തിരുന്നു.
ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ആശിഷ് ജോ ആന്റണി അവതരിപ്പിക്കുന്നത്. ചിത്രത്തിലേക്ക് ആശിഷിന്റെ കടന്നുവരവ് തികച്ചും യാദൃശ്ചികമാണന്ന് പൂജ ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞു. ഇതില്‍ ഒരു കഥാപാത്രം ഉണ്ടായപ്പോള്‍ ആശിഷിനോട് ചെയ്യാമോ എന്നു ചോദിക്കുകയായിരുന്നു. അയാള്‍ അതിനു സമ്മതം മൂളി എന്നാണ് താരം പറഞ്ഞത്.
സംവിധായകന്‍ ജോഷി, ദിലീപ്, മേജര്‍ രവി, വൈശാഖ്, തരുണ്‍ മൂര്‍ത്തി, ആരുണ്‍ ഗോപി, സിയാദ് കോക്കര്‍, സാബു ചെറിയാന്‍, എം.രഞ്ജിത്ത്, ലാസ്റ്റിന്‍ സ്റ്റീഫന്‍, ജോബി ജോര്‍ജ്, ആഷിക് ഉസ്മാന്‍, ആല്‍വിന്‍ ആന്റണി ഔസേപ്പച്ചന്‍, കൃഷ്ണമൂര്‍ത്തി, ബോബി കുര്യന്‍, ഡോ. അലക്‌സാണ്ടര്‍. മനോജ്(ദുബായ്) ശ്യാംകുമാര്‍ ( ജെമിനി ലാബ്) ലിന്‍ഡാജീത്തു, സുജയ്യ പാര്‍വ്വതി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഡോ. എമില്‍ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം -ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം -ജോമോന്‍.ടി. ജോണ്‍,
എഡിറ്റിങ്- ചമന്‍ ചാക്കോ. പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യം ഡിസൈന്‍ -അരുണ്‍ മനോഹര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സൈലക്‌സ് ഏബ്രഹാം. ഫിനാന്‍സ് കണ്‍ട്രോളര്‍ - മനോഹരന്‍' കെ. പയ്യന്നൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്.




