- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ചിത്രത്തിനൊപ്പം ക്ലാഷ് വെക്കണ്ടാ എന്ന് കരുതിയാണ് പൊങ്കലിലേക്ക് മാറ്റിയത്; പിന്നീട് ജനനായകനും പൊങ്കല്‍ റിലീസാകുന്നുവെന്ന് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി; ജനനായകന്‍- പരാശക്തി ക്ലാഷില്‍ പ്രതികരിച്ച് ശിവകാര്‍ത്തികേയന്‍
ചെന്നൈ: ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് പരാശക്തി. പൊങ്കല്‍ റിലീസായി ജനുവരി 10 ന് ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. വിജയ് ചിത്രം ജന നായകനൊപ്പം ബോക്‌സ് ഓഫീസ് ക്ലാഷിനൊരുങ്ങുകയാണ് പരാശക്തി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നിരുന്നു.
ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍ ഓഡിയോ ലോഞ്ചില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. 1960 കളിലെ രാഷ്ട്രീയവും ചരിത്രവുമൊക്കെ പറയുന്ന പരാശക്തി 2025 ദീപാവലിക്ക് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ വിജയ് ചിത്രത്തിനൊപ്പം ക്ലാഷ് വെക്കണ്ടാ എന്ന് കരുതിയാണ് പൊങ്കലിലേക്ക് മാറ്റിയതെന്നും പിന്നീട് ജന നായകനും പൊങ്കല്‍ റിലീസാകുന്നുവെന്ന് കേട്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയെന്നും ശിവകാര്‍ത്തികേയന്‍ ഓഡിയോ ലോഞ്ചില്‍ പറഞ്ഞു.
'രണ്ട് സിനിമകളും പൊങ്കലിന് റിലീസ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങളുടെ നിര്‍മ്മാതാവിനെ വിളിച്ച് റിലീസ് തീയതി മാറ്റാന്‍ കഴിയുമോ എന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ ചിത്രത്തിനു വേണ്ടി പണം നിക്ഷേപിച്ചവരോട് 'പരാശക്തി' പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അതിനോടകം അറിയിച്ചിരുന്നു.
കൂടാതെ, 2026 വേനല്‍ക്കാലത്തേക്ക് മാറ്റിയാല്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കാരണം റിലീസ് ബുദ്ധിമുട്ടാകുകയും ചെയ്യും.' അദ്ദേഹം പറഞ്ഞു. വിജയ്യുടെ മാനേജര്‍ ജഗദീഷിനെയും വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചതായും താരം കൂട്ടിച്ചേര്‍ത്തു.
''പൊങ്കലിന് രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് വിജയ്യുടെ മാനേജര്‍ ചോദിച്ചു. നിങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടാകില്ല, പക്ഷേ എന്റെ സിനിമയ്ക്ക് ഉണ്ടാകുമെന്ന് ഞാന്‍ പറഞ്ഞു. കാരണം 'ജന നായകന്‍' വിജയ് സാറിന്റെ അവസാന ചിത്രമായിട്ടാണ് പ്രൊമോട്ട് ചെയ്യുന്നത്. അദ്ദേഹത്തോട് ഇതിനെക്കുറിച്ച് ചോദിക്കാമോ എന്ന് ചോദിച്ചിരുന്നു.
വിജയിയുമായി സംസാരിച്ച ശേഷം ജഗദീഷ് തിരികെ വിളിച്ചിരുന്നു.' ശിവകാര്‍ത്തികേയന്‍ പറയുന്നു. ഇത് പൊങ്കല്‍ ആയതു കൊണ്ട് രണ്ട് ചിത്രങ്ങള്‍ക്കും റിലീസ് ചെയ്യാന്‍ ധാരാളം ഇടമുണ്ടെന്നും ബോക്‌സ് ഓഫീസില്‍ പരസ്പരം ബാധിക്കില്ലെന്നും വിജയ് സാര്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പരാശക്തിക്ക് സാര്‍ എല്ലാവിധ ആശംസകളും അറിയിച്ചിട്ടുണ്ട്.
എല്ലാവരും ജനുവരി 9 ന് ജന നായകന്‍ ആസ്വദിക്കൂ. 33 വര്‍ഷമായി നമ്മെ വിസ്മയിപ്പിച്ച ഒരു മനുഷ്യനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. പിന്നെ ജനുവരി 10 ന് പരാശക്തി കാണാന്‍ വരുകയും ചെയ്തു. വിജയ് നായകനായ ഗോട്ടില്‍ അഭിനയിച്ചത് ഞങ്ങളുടെ ബന്ധം അങ്ങനെ ആയതിനാലാണ്'.- ശിവകാര്‍ത്തികേയന്‍ പറഞ്ഞു.
വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള അവസാന സിനിമയെന്ന നിലയില്‍ ജനനായകന്‍ വലിയ പ്രാധാന്യമുള്ള ചിത്രമാണെന്നും ആരാധകര്‍ രണ്ട് ചിത്രങ്ങളും ആസ്വദിക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 9ന് ജനനായകന്‍ റിലീസ് ചെയ്യുമ്പോള്‍ അതിന് തൊട്ടടുത്ത ദിവസം ജനുവരി 10ന് പരാശക്തി തിയറ്ററുകളില്‍ എത്തും.




