കൊച്ചി: നടന്‍ മനോജ് കെ ജയന്റെയും നടി ഉര്‍വശിയുടെയും മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയാകാന്‍ ഒരുങ്ങുകയാണ്. 'സുന്ദരിയായവള്‍ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അടുത്തിടെ മകളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ചടങ്ങില്‍ മനോജ് കെജയന്‍ വികാരഭരിതനായത് വലിയ വാര്‍ത്തയായിരുന്നു. കുഞ്ഞാറ്റയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഉര്‍വശിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടറിയതും അന്ന് അച്ഛനെ ചേര്‍ത്തുപിടിച്ച തേജാലക്ഷ്മിയുടെ പക്വതയും ആരാധകരും ഏറ്റെടുത്തിരുന്നു. അന്ന് അച്ഛന്‍ അത്രയധികം ഇമോഷണല്‍ ആയത് തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മൂലമാണെന്ന് തേജാലക്ഷ്മി പറയുന്നു. ആ നിമിഷങ്ങളെക്കുറിച്ചും സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തേജാലക്ഷ്മി പറഞ്ഞു.

'ഞങ്ങള്‍ രണ്ടുപേരും മാത്രം കടന്നുപോന്ന ഒരുപാട് സ്വകാര്യമായ നിമിഷങ്ങളുണ്ട്. അതൊക്കെ ആലോചിച്ചാണ് അച്ഛന്‍ സങ്കടപ്പെട്ടത്. ഞാന്‍ പൊതുവെ കാര്യങ്ങളെ ലളിതമായി കാണാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. മനസില്‍ പാവമാണെങ്കിലും പുറമെ കുറച്ച് മനക്കട്ടി കാണിക്കാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് സങ്കടം വന്നാല്‍ അത് മറ്റുള്ളവരെ കാണിക്കാതെ സ്വകാര്യതയില്‍ ഇരിക്കാനാണ് താല്‍പ്പര്യം,' താരം വ്യക്തമാക്കി.

'സിനിമയിലേക്ക് എത്തുമ്പോള്‍ അച്ഛനും അമ്മയും ഒരേപോലെ നല്‍കിയ ഉപദേശം 'അച്ചടക്കം' പാലിക്കണമെന്നാണ്. നിശ്ചയിച്ച സമയത്തിന് മുമ്പേ ലൊക്കേഷനില്‍ എത്തണം, സിനിമയിലെ ഓരോരുത്തരെയും തുല്യമായി കാണണം. ഷൂട്ടിംഗ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ക്യാമറയ്ക്ക് മുന്നില്‍ കോണ്‍ഷ്യസ് ആകരുതെന്നും സിനിമയിലെ എല്ലാവരും നമ്മുടെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അമ്മ പറഞ്ഞുതന്നിരുന്നു'. തേജാലക്ഷ്മി പറഞ്ഞു.

മകള്‍ സിനിമാ മോഹം പറഞ്ഞപ്പോള്‍ മനോജ് കെ ജയന്‍ മുന്നോട്ടുവച്ച ആദ്യ നിബന്ധന അമ്മ ഉര്‍വശിയെ നേരിട്ട് കണ്ട് അനുവാദം വാങ്ങണമെന്നായിരുന്നു. 'ദക്ഷിണേന്ത്യയിലെ തന്നെ മികച്ച നടിയാണ് ഉര്‍വശി. ചെന്നൈയില്‍ പോയി അമ്മയുടെ അനുഗ്രഹം വാങ്ങണമെന്ന് ഞാന്‍ പറഞ്ഞു. അവള്‍ പോയി കണ്ടു, വളരെ സന്തോഷത്തോടെയാണ് ഉര്‍വശി സമ്മതം മൂളിയത്,' മനോജ് കെ ജയന്‍ പറഞ്ഞു.മകളെ പഠിപ്പിച്ച് നല്ലൊരു ജോലി വാങ്ങി നല്‍കണമെന്നായിരുന്നു തന്റെ ആദ്യ ആഗ്രഹമെന്നും എന്നാല്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് താന്‍ ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന തേജാലക്ഷ്മി മനോജ് കെ ജയന്റെ ഭാര്യ ആശയോടായിരുന്നു തന്റെ സിനിമാ മോഹം ആദ്യം പങ്കുവച്ചത്