- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവള് എന്റെ മാത്രമാണെന്ന് അന്ന് ഉറപ്പിച്ചു; മൂന്ന് ലക്ഷം ശമ്പളമുള്ള അച്ഛന്റെ മകള്‍ ഓട്ടോക്കാരനെ പ്രേമിച്ചു; പൊലീസുകാര്‍ ലാത്തി കൊണ്ട് പൊതിരെ തല്ലി; എന്നിട്ടും കൈവിട്ടില്ല; വിസ കാന്‍സല്‍ ചെയ്തു; ഇവളെ കൊണ്ടുവന്നു കെട്ടി'; മല്ലു ഫാമിലിയുടെ പ്രണയകഥ സുജിന് പറഞ്ഞത്

കൊച്ചി: സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ട ദമ്പതികളായ 'മല്ലു ഫാമിലി' സുജിന്‍ കൃഷ്ണയും നിദയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ഇരുവരും പുറത്തിറക്കിയ കുറിപ്പുകളില്‍ വ്യക്തമാക്കി. ഇത് തങ്ങള്‍ക്ക് വളരെ സ്വകാര്യവും വൈകാരികവുമായ സമയമാണെന്നും, അതിനാല്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും നെഗറ്റീവ് കമന്റുകളോ ട്രോള്‍ വീഡിയോകളോ പ്രചരിപ്പിക്കരുതെന്നും ദമ്പതികള്‍ അഭ്യര്‍ഥിച്ചു.
നിലവില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് യുട്യൂബേഴ്‌സായ മല്ലു ഫാമിലിയിലെ സുജിനും നിദയും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനും കുടുംബ ജീവിതത്തിനും ഒടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ പ്രണയകഥയും ചര്‍ച്ചയാകുകയാണ്. നിദയ്ക്ക് 18ഉം സുജിന് 23ഉം വയസുള്ളപ്പോഴായിരുന്നു വിവാഹം നടന്നത്. ആ പ്രണയകഥ ഒരിക്കല്‍ സുജിന്‍ പറഞ്ഞത് ഇങ്ങനെ.
'ഞാന്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കാലം. അന്നവള്‍ സ്‌കൂളില്‍ പഠിക്കുകയാണ്. അന്ന് ഫുള്‍ ടൈം ഞാന്‍ സ്‌കൂളിന് മുന്നില്‍ തന്നെ. പക്ഷേ അപ്പോഴൊന്നും ഇവളെ ഞാന്‍ കണ്ടിട്ടില്ല. ഫേസ്ബുക്കിലും ഞാന്‍ ആക്ടീവ് ആയിരുന്നു. എന്നും രാവിലെ ഓരോ ഡയലോ?ഗുകള്‍ എഴുതി ഇടും. ഈ സ്‌കൂളില്‍ നിന്നും പത്ത് കഴിഞ്ഞ് അവള്‍ നാട്ടിലേക്ക് പോയി. ഒരു ഫ്രണ്ടാണ് ഇവളെ കുറിച്ച് പറയുന്നത്. പേര് നിദയാണ് തൃശൂരാണ് വീടെന്നൊക്കെ പറഞ്ഞു. അവന്മാരെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തതാണ് ഇവള്‍. അവരങ്ങനെ പറഞ്ഞപ്പോള്‍ നല്ല കുട്ടിയാണല്ലോന്ന് തോന്നി. അങ്ങനെ ഒരു ദിവസം അവളുടെ ക്ലാസില്‍ പഠിച്ച പയ്യന്റെ ഓട്ടോഗ്രാഫില്‍ നിന്നും നമ്പര്‍ ഒപ്പിച്ച് ഒരു ഹായ് മെസേജ് ഇട്ടു. വാട്‌സാപ്പില്‍. മലയ്ക്ക് പോകാന്‍ മാലയൊക്കെ ഇട്ട് അമ്പലത്തില്‍ ഇരിക്കുമ്പോഴാണ് ആരാണെന്ന് ചോദിച്ചൊരു മെസേജ് വരുന്നത്. ഫ്രണ്ട് തന്ന നമ്പറിലെ കുട്ടിയാണെന്ന് അപ്പഴും എനിക്കറിയില്ല. എല്ലാവരെയും ബ്ലോക്ക് ചെയ്യുന്ന അവള് എന്നെ ബ്ലോക്ക് ചെയ്തില്ല. (ആള് കോഴിയാണെന്ന് എനിക്ക് അറിയാരുന്നു. സംസാരവുമൊക്കെ നിര്‍ത്തി-നിദ).
ശബരിമല ദര്‍ശനമൊക്കെ കഴിഞ്ഞ്, മാലയൊക്കെ ഊരിയതിന് ശേഷമായിരുന്നു കൂടുതല്‍ പരിചയപ്പെട്ടത്. നമ്മള്‍ പെട്ടെന്ന് തന്നെ സുഹൃത്തുക്കളായിരുന്നു. വീട്ടില്‍ എന്തോ കല്യാണാലോചന വരുന്ന സമയത്താണ് അവള്‍ ഇഷ്ടം പറയുന്നത്. ഓട്ടോക്കാരനെ കെട്ടാന്‍ തയ്യാറാണെങ്കില്‍ പോന്നോ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. നിധ എല്ലാ കാര്യങ്ങളും അമ്മയുമായി ഷെയര്‍ ചെയ്യുമായിരുന്നു. അത്രയും കൂട്ടായിരുന്നു രണ്ടുപേരും. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അമ്മയോട് ചോദിച്ചതിന് ശേഷമാണ് അഭിപ്രായം പോലും പറയുന്നത്. അങ്ങനെ ഇരിക്കെ ന്യൂ ഇയര്‍ സമയം. എല്ലാവര്‍ക്കും വിഷ് ചെയ്യുന്നതിനെ കൂടെ എന്നെയും വിളിച്ചു. ഒന്നാം തീയതി വിളിച്ചു. ഏഴാം തീയതി ഇഷ്ടമാണെന്ന് പറഞ്ഞു. 2017 ജനുവരി ഏഴിനായിരുന്നു നിധ എന്നോട് ഇഷ്ടം പറയുന്നത്. അടുത്ത മാസമായിരുന്നു ആദ്യമായി കാണുന്നത്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പരിപാടിയുണ്ടെന്നും, അന്ന് ഡാന്‍സ് ചെയ്യുന്നുണ്ടെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് സ്‌കൂട്ടിയില്‍ അവളെ കാണാനായി പോയത്. നിധയുടെ ഡാന്‍സൊക്കെ കഴിഞ്ഞ ശേഷമാണ് കണ്ടത്. ഞാന്‍ കാണുമ്പോള്‍ ദേവിയുടെ വേഷത്തിലായിരുന്നു ഇവള്‍. തിരികെ പോകുമ്പോള്‍ ഇവള് ഇഷ്ടമാണെന്ന് പറഞ്ഞു. അന്ന് തന്നെ അമ്മയേയും പരിചയപ്പെടുത്തിയിരുന്നു. കൂടെ പഠിക്കുന്ന കുട്ടിയാണെന്നായിരുന്നു പറഞ്ഞത്. നിധയ്ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. പിന്നീടായിരുന്നു പ്രണയം വീട്ടില്‍ പറയുന്നത്. അന്ന് ഞാന്‍ തീരുമാനിച്ചു ഇവള്‍ എന്റെ ആണെന്ന്.
എന്റെ വീട്ടില്‍ നിന്നും ഇവളുടെ വീട്ടിലേക്ക് 87 കിലോമീറ്ററുണ്ട്. പലിശയ്ക്ക് പൈസ വാങ്ങി അടക്കം ഞാന്‍ കാണാന്‍ പോയിട്ടുണ്ട്. അവസാന പോക്കില്‍ നല്ല കിട്ടിലും കിട്ടി. വീട്ടില്‍ പിടിക്കുന്നതിന് മുന്‍പ് തന്നെ അവള്‍ വീട്ടില്‍ പറഞ്ഞു. പേടി കൊണ്ടാണ് പറഞ്ഞത്. ഓട്ടോക്കാരന്‍ ആയതുകൊണ്ട് വീട്ടുകാര്‍ക്ക് താല്പര്യമില്ല. ഇവള്‍ ഒറ്റ മകള്‍ അച്ഛന്‍ ഗള്‍ഫില്‍ നല്ല ശമ്പളം അങ്ങനെയൊക്കെയായിരുന്നു. കാനന്‍ കമ്പനിയുടെ സെയില്‍ എക്‌സിക്യൂട്ടീവ് മാനേജര്‍ ആയിരുന്നു. മാസം രണ്ടോ മൂന്നോ ലക്ഷം ശമ്പളം. മുപ്പത് കൊല്ലമായി അവിടെയായിരുന്നു. സംഭവം പ്രശ്‌നമായതോടെ പൊലീസ് പിടിച്ചു. ഞങ്ങള്‍ ബൈക്കില്‍ പോകുമ്പോഴാണ് പിടിച്ചത്. തൃപ്രയാര്‍ സ്റ്റേഷനില്‍ ആണ് കൊണ്ടുപോയത്. പൊതിരെ തല്ലി. കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികളെ പ്രേമിക്കുന്നോടാന്ന് ചോദിച്ച് ലാത്തിവെച്ചായിരുന്നു അടി. അപ്പോഴും ഇഷ്ടമല്ലെന്ന് ഞാന്‍ പറഞ്ഞില്ല. പിന്തിരിയില്ലെന്ന് മനസിലായതോടെ കൂട്ടുകാരുടെ ജാമ്യത്തില്‍ വിട്ടയച്ചു. പിരിഞ്ഞൂ എന്നാണ് വിചാരിച്ചത്. ഇവളെ കൗണ്‍സിലിങ്ങിനൊക്കെ കൊണ്ടുപോയി. രണ്ട് മാസം ഞാന്‍ കാത്തിരുന്നു. ഒടുവില്‍ ഗള്‍ഫില്‍ പോകാന്‍ തയ്യാറായി നില്‍ക്കെയാണ് ഇവളുടെ ഫോണ്‍ വരുന്നത്. ഞാന്‍ അതോടെ വിസ കാന്‍സല്‍ ചെയ്തു. ഇങ്ങോട്ട് ഇവളെ കൊണ്ടുവന്നു കെട്ടി. കല്യാണം കഴിച്ചപ്പോള്‍ പിന്നെ പ്രശ്‌നമൊന്നും ഇല്ല. എല്ലാം റെഡിയായി. എനിക്ക് 23 ഉം ഇവള്‍ക്ക് 18 ഉം ആയിരുന്നു പ്രായം'.
അച്ഛനും അമ്മയും എതിര്‍ത്തതോടെയായിരുന്നു നിത സുജിനൊപ്പം പോവുന്നത്. വിവാഹം കഴിഞ്ഞ് അമ്മയ്ക്കും, കുഞ്ചൂസിനുമൊപ്പമായി സന്തോഷത്തോടെ കഴിയുകയായിരുന്നു. തുടക്കത്തില്‍ പിണക്കമായിരുന്നുവെങ്കിലും അച്ഛനും അമ്മയും പിന്നീട് മകളെ സ്വീകരിച്ചിരുന്നു. ഇനിയും പഠിക്കണമെന്നും, സ്വന്തമായൊരു ജോലി വേണമെന്നുമുള്ള നിധയുടെ ആഗ്രഹത്തിന് പിന്തുണയും അറിയിച്ചിരുന്നു. മക്കളുടെ വിശേഷങ്ങളും, കുഞ്ചൂസിനൊപ്പമുള്ള വീഡിയോകളുമൊക്കെയായിരുന്നു നിധ പങ്കുവെച്ചിരുന്നത്. സുജിനെ മാത്രം കാണാനേയില്ലല്ലോയെന്നായിരുന്നു ചോദ്യങ്ങള്‍. നിങ്ങളിപ്പോഴും ഒന്നിച്ചല്ലേ എന്ന ചോദ്യങ്ങളും ഇടയില്‍ ഉയര്‍ന്നിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും വേര്‍പിരിഞ്ഞതായി അറിയിച്ചത്. സുജിന്റെ സഹോദരിയാവട്ടെ, ഈ വിഷയത്തെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു.
എന്നാല്‍ ഇരുവരുടെയും വേര്‍പിരിയല്‍ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 'ഒന്നും ഇല്ലാത്ത കാലത്ത് സ്‌നേഹിച്ചു നിന്റെ കൂടെ ഇറങ്ങി വന്നത് അല്ലേ പൊന്നൂ.. ഒക്കെ ആയപ്പോ ഇങ്ങനെ രണ്ടാളും രണ്ട് വഴിക്ക് പോവേണോ' എന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തു. 'എല്ലാം സെറ്റ് ആക്കി ഒരുമിച്ചു ജീവിക്ക് ബ്രോ', 'നിങ്ങളുടെ love സ്റ്റോറി കേട്ടാല്‍ ഇങ്ങനെയൊന്നും നടക്കുമെന്ന് കരുതിയില്ല', 'Prank ആയാല്‍ മതിയാര്‍ന്നു' എന്നിങ്ങനെയുള്ള നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
സുജിന്‍ കൃഷ്ണയുടെ കുറിപ്പ്
പ്രിയ സുഹൃത്തുക്കളെ, എനിക്ക് നിങ്ങളോട് വ്യക്തിപരമായ ഒരു കാര്യം പങ്കുവയ്ക്കണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാനും എന്റെ ഭാര്യയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്, ഞങ്ങളുടെ വിവാഹം അവസാനിക്കാന്‍ പോകുന്നു. ഇത് ഞങ്ങള്‍ രണ്ടുപേര്‍ക്കും വളരെ സ്വകാര്യവും വൈകാരികവുമായ ഒരു സമയമായിരുന്നു. ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചും പരസ്പര ബഹുമാനത്തോടെയും ഞങ്ങള്‍ ഈ തീരുമാനമെടുത്തു. ഈ കാലയളവില്‍ നിങ്ങളുടെ ധാരണയും സ്വകാര്യതയും ഞാന്‍ ദയയോടെ അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയം ഞാന്‍ ഇനി ചര്‍ച്ച ചെയ്യുന്നില്ല. ഇതുമായി ബന്ധപ്പെട്ട വീഡിയോകളോ പോസ്റ്റുകളോ ഇനി ഉണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും അഭിപ്രായങ്ങളും നിങ്ങള്‍ പങ്കിടരുത്. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്കും ദയയ്ക്കും ബഹുമാനത്തിനും എല്ലാവര്‍ക്കും നന്ദി. ഇനി ഇതിന്റെ പേരില്‍ ആരും ഒരു പ്രശ്‌നങ്ങളുണ്ടാക്കിയിട്ടോ നെഗറ്റീവ് കമന്റ്‌സുകള്‍, ട്രോള്‍ വീഡിയോകള്‍ ഉണ്ടാക്കി വരരുത്. ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്. ഇനി ഇതിനെപ്പറ്റി പ്രതികരിക്കില്ല.
നിദ സതീശന്റെ കുറിപ്പ്
ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ചോദിച്ചുകൊണ്ടുള്ള നിരവധി മെസേജുകള്‍ ഞങ്ങള്‍ക്ക് കിട്ടുന്നുണ്ടായിരുന്നു. നീണ്ട കാലത്തെ നിശബ്ദതയ്ക്ക് ശേഷം ഹൃദയത്തില്‍ നിന്ന് സംസാരിക്കേണ്ട സമയമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. ശരിയാണ്, കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഒരുപാട് കണ്ണീരിനും ചിന്തകള്‍ക്കും ഞങ്ങളുടെ തന്നെ ഉള്ളില്‍ നിശബ്ദ യുദ്ധങ്ങള്‍ക്കും ശേഷം വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താനുള്ള തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തി. ഇത് ദേഷ്യത്തോടെ എടുത്ത ഒരു തീരുമാനമല്ല. മറിച്ച് ഭാരിച്ച ഹൃദയത്തോടെ എടുത്ത ഒന്നാണ്. ഒപ്പം പരസ്പരം മനസിലാക്കിയിട്ടും. രണ്ട് മനുഷ്യരെ ചേര്‍ത്തുനിര്‍ത്താന്‍ ചിലപ്പോഴൊക്ക സ്‌നേഹം മതിയാകാതെ പോകുമെന്നുള്ളതും വേദനിപ്പിക്കുന്ന ഒരു തിരിച്ചറിവ് ആയിരുന്നു. ഒരിക്കല്‍ ഒരു മനോഹരമായ കഥയുണ്ടായിരുന്നു. ചിരിയും സ്വപ്നങ്ങളും ഞങ്ങള്‍ക്ക് എല്ലാമായിരുന്ന നിമിഷങ്ങളും ഒക്കെ നിറച്ച കഥകള്‍. പക്ഷേ നമ്മള്‍ കരുതുന്ന അന്ത്യങ്ങളെയല്ല ജീവിതം എപ്പോഴും പിന്തുടരുന്നത്. പതുക്കെ സന്തോഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അധ്യായത്തില്‍ തുടരുന്നതിന് പകരം അഭിമാനത്തോടെ അതിനെ കടന്നുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വേദനയ്ക്ക് മുകളില്‍ സമാധാനത്തെ ഞങ്ങള്‍ തെരഞ്ഞെടുത്തു. ഭാവിക്കലിന് മുകളില്‍ മുറിവുണക്കലിനെയും.
ഇന്ന് ഞങ്ങള്‍ വ്യത്യസ്ത വഴികളിലൂടെ യാത്ര തുടങ്ങുകയാണ്. നിശബ്ദമായും ബഹുമാനത്തോടെയും. ഞങ്ങളുടെ തന്നെ ജീവിതങ്ങളില്‍ സമാധാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ. ഞങ്ങളുടെ സാഹചര്യം മനസിലാക്കാന്‍ എല്ലാവരോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നു. ഇനിയും ഞങ്ങള്‍ ഒന്നിക്കുമോ എന്ന ചോദ്യം ദയവായി അവസാനിപ്പിക്കുക. കാരണം ഈ അധ്യായം ശരിക്കും അവസാനിച്ചിരിക്കുന്നു. ഞങ്ങളെ ഒരുമിച്ച് നിങ്ങളിനി കാണില്ല. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമായിരിക്കും ഇത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മുറിവുണങ്ങാനുള്ള നിശബ്ദത ഞങ്ങള്‍ക്ക് നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു. മനോഹരമായ അധ്യായങ്ങളുള്ള ആ പുസ്തകം വൈകാരികമായ ഒരു അന്ത്യത്തില്‍ എത്തിയിരിക്കുന്നു. ഒരിക്കലും മറക്കില്ല. എന്റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടാവും. എന്റെ ജീവിതത്തില്‍ നിന്ന് മാത്രമാണ് പോകുന്നത്.


