മുംബൈ: ഒരു ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന സ്വപ്‌നതുല്യമായ തിരിച്ചുവരവാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്‍ കിഷന്റേത്. രണ്ട് വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന് പുറത്തായിട്ടും ബിസിസിഐയുടെ കരാറില്‍ ഇല്ലാതിരുന്നിട്ടും തളരാത്ത മനസുമായി ആഭ്യന്തര ക്രിക്കറ്റില്‍ നിറഞ്ഞാടിയതോടെ ഇഷാന്‍ കിഷനെ ടീമിലെടുക്കാന്‍ സിലക്ടര്‍മാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇന്ന് ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്‌സ് ഫാക്ടര്‍' ആരെന്ന് ചോദിച്ചാല്‍ സംശയമില്ല, ഓപ്പണര്‍ ഇഷാന്‍ കിഷന്‍ തന്നെ.

ആഭ്യന്തര മത്സരങ്ങള്‍ കളിക്കാതിരുന്നതിന്റെ പേരില്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍നിന്നു പുറത്താക്കപ്പെട്ട താരം ആഭ്യന്തര ടൂര്‍ണമെന്റിലെ തന്നെ കിടിലന്‍ പ്രകടനത്തിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ബാക്അപ് ഓപ്പണറായും വിക്കറ്റ് കീപ്പറായും ടീമിലെത്തിയ താരം, ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ പ്ലേയിങ് ഇലവനിലെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. നമീബിയയ്‌ക്കെതിരെയും പാക്കിസ്ഥാനെതിരെയും അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ ലോകകപ്പിലും മിന്നും ഫോമിലാണ്. ആധികാരികമായ പ്രകടനങ്ങളിലൂടെയാണ് താന്‍ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇഷാന്‍ പ്രഖ്യാപിക്കുന്നത്. പാക്കിസ്ഥാനെതിരെ 41 പന്തില്‍ നിന്ന് ഇഷാന്‍ അടിച്ച 77 റണ്‍സാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്. ഇപ്പോഴിതാ കളിക്കളത്തിന് പുറത്തെ ഇഷാന്റെ ജീവിതവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

താരത്തിന്റെ കാമുകിയെക്കുറിച്ച് മുത്തച്ഛന്‍ വെളിപ്പെടുത്തിയതോടെയാണ് ഇഷാന്‍ ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇഷാനൊപ്പം പലപ്പോഴും കണ്ട ആ സുന്ദരി ഇഷാന്റെ കാമുകിയാണെന്നാണ് വെളിപ്പെടുത്തുകയാണ് കുടുംബം. ജയ്പുര്‍ സ്വദേശിയായ അദിതി ഹുണ്ട്യയാണ് ഇഷാന്റെ കാമുകി. മോഡലായ അദിതി രണ്ടുവര്‍ഷത്തോളമായി ഇഷാനുമായി പ്രണയത്തിലാണ്. വര്‍ഷങ്ങളായി നിലനിന്നിരുന്ന പല അഭ്യൂഹങ്ങള്‍ക്കുമാണ് ഇതോടെ വിരാമമായത്. ബിഹാറിലെ ഔറംഗാബാദില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ, ഇഷാന്‍ കിഷന്റെ മുത്തച്ഛന്‍ അനുരാഗ് പാണ്ഡെ തന്റെ ചെറുമകന്‍ നിലവില്‍ മോഡല്‍ അദിതി ഹുണ്ടിയയുമായി ഡേറ്റിങ്ങിലാണെന്ന് സ്ഥിരീകരിച്ചു.

''ഇഷാന്‍ ആരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും, അവന്റെ തീരുമാനം എന്റേതാണെന്ന് ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ഇഷാന്‍ കിഷന്‍ ആരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നോ അവരെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയാറാണ്. അദിതി അവന്റെ കാമുകിയാണ്. അവള്‍ ഒരു മോഡലാണ്. കുട്ടികളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കണം.'' ഇഷാന്റെ മുത്തച്ഛന്‍ അനുരാഗ് പാണ്ഡെ പറഞ്ഞു.

ആറു വര്‍ഷമായി ഇഷാനും അദിതിയും തമ്മില്‍ പ്രണയത്തിലാണെന്നും ഇന്ത്യന്‍ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇഷാനൊപ്പം അദിതിയും ഒപ്പമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2019ലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് താരുമായിരുന്ന ഇഷാന്‍ കിഷനെ പിന്തുണയ്ക്കാന്‍ ഗാലറിയിലെത്തിയപ്പോഴാണ് അദിതിയുടെ ചിത്രങ്ങള്‍ ആദ്യമായി വൈറലായത്. അന്ന് മുതല്‍ 'മിസ്റ്ററി ഗേള്‍' എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുമുണ്ടായിരുന്നു.

ജയ്പുര്‍ സ്വദേശിയായ അദിതി ഹുണ്ടിയ, 2017ലെ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റായിരുന്നു. 2017ലെ 'മിസ് രാജസ്ഥാന്‍' കിരീടവും അദിതിക്കായിരുന്നു. 2018ലെ മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റും മിസ് സുപ്രനാഷനല്‍ ഇന്ത്യ കിരീടം നേടിയ താരവും കൂടിയാണ് അദിതി. ലേബല്‍ അദിതി ഹുണ്ഡ്യ എന്ന പേരില്‍ സ്വന്തമായി ഫാഷന്‍ ബ്രാന്‍ഡും നടത്തുന്നുണ്ട്. ജയ്പുരിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നും ബിബിഎ പൂര്‍ത്തിയാക്കിയ ശേഷം മോഡലിങില്‍ സജീവമാണ് അദിതി. യഷ് ഹുണ്ഡ്യയാണ് സഹോദരന്‍.

അതേസമയം, നിലവില്‍ മികച്ച പ്രകടനം തുടരുകയെന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ഇഷാന്‍ കിഷന്‍ പറയുന്നു. പാക്കിസ്ഥാനെതിരായ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ടീമിന്റെ ജയമാണെന്നും താരം വ്യക്തമാക്കിയിരുന്നു. കാര്യങ്ങളെ ലളിതമായി കാണാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും പാനിക് ആകാതെ കളിക്കാനാണ് ശ്രദ്ധിക്കുന്നതെന്നും ഇഷാന്‍ വ്യക്തമാക്കി. തുടര്‍ന്നുള്ള മല്‍സരങ്ങളിലും കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.