- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്‌പെന്‍സുകള്‍ കോര്‍ത്തിണക്കിയ ഒരു സ്ലോ ബേണ്‍ ത്രില്ലര്‍; റോഷന്‍ മാത്യുവും നിമിഷ സജയനും ഒന്നിച്ചെത്തുന്ന ചിത്രം 'ചേര' തിയറ്ററുകളിലേക്ക്

കൊച്ചി: യുവനിരയിലെ കരുത്തുറ്റ താരങ്ങളായ റോഷന്‍ മാത്യുവിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന 'ചേര' എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു. ലൈന്‍ ഓഫ് കളേഴ്സ്, ക്ലാന്‍ ആര്‍ എന്നീ ബാനറുകളില്‍ എം.സി അരുണ്‍, ഡോ. രാജേഷ് രാജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
പ്രേക്ഷകനെ ഓരോ നിമിഷവും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്‌പെന്‍സുകള്‍ നിറഞ്ഞ ഒരു 'സ്ലോ ബേണ്‍ ത്രില്ലര്‍' വിഭാഗത്തിലാണ് ചേര ഉള്‍പ്പെടുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് നജിം കോയയും സംവിധായകന്‍ ലിജിന്‍ ജോസും ചേര്‍ന്നാണ്. റോഷന്‍ മാത്യുവിനും നിമിഷ സജയനും പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം, ലെന, ടിനി ടോം, പ്രമോദ് വെളിയനാട്, ജാഫര്‍ ഇടുക്കി, ജിയോ ബേബി, നീരജ രാജേന്ദ്രേന്‍, ഗാര്‍ഗി അനന്തന്‍, അര്‍ച്ചന വാസുദേവ്, രമ്യ സുരേഷ്, സുനിത ചന്ദ്രന്‍, സജിന്‍ ചെറുകയില്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
സാങ്കേതിക മികവിലും ഏറെ മുന്നിട്ടുനില്‍ക്കുന്ന ചിത്രമായിരിക്കും ചേരയെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. അലക്സ് ജെ. പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമനും അജോയ് ജോസും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. അജോയ് ജോസ് തന്നെയാണ് ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ്‌കോറും ഒരുക്കിയിരിക്കുന്നത്. ബാവ (കല), രതീഷ് അമ്പാടി (മേക്കപ്പ്), അരുണ്‍ മനോഹര്‍ (കോസ്റ്റ്യൂം ഡിസൈന്‍), സുനില്‍ കാര്യാട്ടുകര (ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍), ധനുഷ് നായനാര്‍ (സൗണ്ട് ഡിസൈന്‍), വിഷ്ണു സുജാതന്‍ (സൗണ്ട് മിക്സിംഗ്) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന സാങ്കേതിക പ്രവര്‍ത്തകര്‍.
ശിവപ്രസാദ് ശിവ മിത്ര, രതീഷ് സുകുമാരന്‍ എന്നിവര്‍ കോ-പ്രൊഡ്യൂസേഴ്‌സായും ബിനു കുമാര്‍, സല്യൂട്ടന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സായും പ്രവര്‍ത്തിക്കുന്നു. സേതു അടൂര്‍ പ്രൊഡക്ഷന്‍ ഡിസൈനായും സജി കോട്ടയം പ്രൊഡക്ഷന്‍ കണ്‍ട്രോളറായും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാഴൂര്‍ ജോസാണ് ചിത്രത്തിന്റെ പി.ആര്‍.ഒ. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന 'ചേര' മെയ് മാസത്തിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കുമെന്ന് സിനിമാ പ്രേമികള്‍ കരുതുന്നു.


