കണ്ണൂർ: കേരളത്തിലെ സിനിമാ സെറ്റുകളിൽ ഷാഡോ പൊലിസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്ന് മലയാളത്തിലെ യുവ നടി നിഖില വിമൽ പറഞ്ഞു. കണ്ണൂർ പ്രസ് ക്‌ളബ്ബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നിഖില. അമ്മയുടെയും ഫെഫ്‌കോയുടയും അനുമതിയോടു കൂടിയാണ് ഇതു നടത്താൻ തീരുമാനിച്ചത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുകയും ചോയ്‌സാണ്. എന്നാൽ സിനിമാ സെറ്റുകളിൽ അതു മറ്റുള്ളവർക്ക് ശല്യമാകുന്നത് നിയന്ത്രിക്കണമെന്ന് നിഖില വിമൽ പറഞ്ഞു.

ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ താൻ അഭിനയിച്ച സിനിമയുടെ സെറ്റുകളിലുണ്ടായിട്ടില്ല. അത്തരം അനുഭവങ്ങൾ തനിക്കുണ്ടായിട്ടില്ലെന്നും നിഖില വിമൽ പറഞ്ഞു. താൻ മുൻപ് സംവാദത്തിൽ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. വിവാദങ്ങൾ മാധ്യമങ്ങളാണുണ്ടാക്കിയത്. സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തു ഒരു വാചകം മാത്രം പ്രചരിപിക്കുകയായിരുന്നു. ഈ കാര്യത്തിൽ തന്റെ പ്രതികരണം ആരും ചോദിച്ചിട്ടില്ല.

അതുകൊണ്ടു തന്നെ തനിക്ക് ഉത്തരവാദിത്വമില്ലെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കേണ്ടത് മാധ്യമങ്ങൾ തന്നെയാണെന്നും നിഖില പറഞ്ഞു. താൻ പറഞ്ഞുവെന്ന കാര്യത്തെ കുറിച്ചു പ്രതികരിക്കുന്നില്ല. തമിഴ് സിനിമയിലും ഒരു വെബ് സീരിസിലും അഭിനയിക്കുന്നുണ്ടെന്ന് നിഖില പറഞ്ഞു.