കൊച്ചി: സഹോദരി സന്യാസ ജീവിതം തിരഞ്ഞെടുത്തതിനെക്കുറിച്ച് മനസ്സുതുറന്ന് നടി നിഖില വിമൽ. സഹോദരിയുടെ തീരുമാനത്തെ താൻ പൂർണ്ണമായി മാനിക്കുന്നുവെന്നും, ഇതൊരു വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും നടി വ്യക്തമാക്കി. ഒരു ഡോക്ടറോ നടിയോ ആകാൻ ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു "പ്രൊഫഷൻ" ആയിട്ടാണ് സന്യാസത്തെ താൻ കാണുന്നതെന്നും, അത്തരം ഒരു സുപ്രധാന തീരുമാനം എടുക്കാൻ സഹോദരിക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും നിഖില മനോരമയുടെ "ഹോർത്തൂസ്" എന്ന പരിപാടിയിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബുദ്ധിയും അറിവുമുള്ള വ്യക്തിയായ സഹോദരി, ആഴത്തിലുള്ള ചിന്തകൾക്കും യാത്രകൾക്കും പഠനങ്ങൾക്കും ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും നിഖില ചൂണ്ടിക്കാട്ടി. "ചാർളി ചേച്ചി" എന്ന് സുഹൃത്തുക്കൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന സഹോദരി, നിരന്തരം പഠിക്കുകയും ലോകം ചുറ്റി സഞ്ചരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരിയാണെന്നും നടി വിശദീകരിച്ചു. അത്രയും കഴിവുകളുള്ള ഒരാൾ എടുക്കുന്ന തീരുമാനത്തെ ബഹുമാനിക്കുകയും അതിനൊപ്പം നിൽക്കുകയുമാണ് താൻ ചെയ്യേണ്ടതെന്നും നിഖില കൂട്ടിച്ചേർത്തു. സഹോദരിയുടെ തീരുമാനത്തിൽ അമ്മയ്ക്ക് ചെറിയ വിഷമമുണ്ടായിരുന്നെങ്കിലും, കല്യാണം കഴിപ്പിച്ച് അയക്കണം എന്നൊരു പ്രതീക്ഷ അമ്മയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് താൻ ചോദിച്ചറിഞ്ഞതായും നിഖില വെളിപ്പെടുത്തി.

കുട്ടിക്കാലത്ത് താനും സഹോദരിയും കടുത്ത ശത്രുക്കളായിരുന്നെന്നും, മറ്റ് സഹോദരങ്ങളെപ്പോലെ അസൂയയും വെറുപ്പുമുണ്ടായിരുന്നെന്നും നിഖില ഓർമ്മിച്ചു. "രണ്ടിലൊരാൾ മരിച്ചു പോണേ എന്ന് വരെ ചിന്തിച്ചിരുന്ന" അത്രയും ശത്രുതയിലായിരുന്നുവെന്ന് അവർ പറഞ്ഞു. അമ്മയുടെ ഡാൻസ് ക്ലാസിലെ ഇഷ്ടപ്പെട്ട ചേച്ചിമാരുടെ പേരെഴുതിയ പുസ്തകത്തിൽ പോലും സഹോദരിയുടെ പേര് താൻ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് നിഖില രസകരമായി പങ്കുവെച്ചു. എന്നാൽ, ഒരു പ്രായം കഴിഞ്ഞതോടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായത്. കഴിഞ്ഞ പത്ത് വർഷം മാത്രമാണ് തങ്ങൾ ഇത്രയും അടുപ്പത്തിലായിട്ടുള്ളതെന്നും നിഖില പറഞ്ഞു.