പട്ന: ബിഹാറിൽ സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റ സംഭവത്തിൽ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് ജന്ത ബസാർ ഹൗസ് ഓഫിസർ നസറുദ്ദീൻ ഖാൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഭവം അറിയുന്നത്. വേദിയിൽ പാട്ടു പാടുന്നതിനിടെ ആരാധകരുടെ ആവേശം അതിരുവിട്ടപ്പോഴാണ് വെടിയുതിർത്തെതെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.

നിഷയുടെ ഇടതു തുടയിലാണ് വെടിയേറ്റത്. ഉടൻ പട്നയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗായികയുടെ ആരോഗ്യനില തൃപ്തികരമെന്ന്
ആശുപത്രി അധികൃതർ അറിയിച്ചു. സരൺ ജില്ലയിലെ സെൻദുർവ ഗ്രാമത്തിൽ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം.

പരിപാടിക്കിടെ ചിലർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിഹാറിലെ അറിയപ്പെടുന്ന ഗായിക, സരൺ ജില്ലയിലെ ഗാർഖ ഗൗഹർ ബസന്ത് സ്വദേശിനിയാണ്.