തിരുവനന്തപുരം: പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരന്ന സിനിമ വൻ വിജയമാണ്. സിനിമയിൽ നിവിൻ പോളിയെകൂടി കാണണമെന്ന് ആഗ്രഹിച്ച ആരാധകരുണ്ട്. എന്നാൽ, പോളിയും ഈ സിനിമയുടെ ഭാഗമായിരുന്നു എന്നാണ് ജൂഡ് പറയുന്നത്.

നിവിൻ പോളി സിനിമയുടെ ഭാഗമായിരുന്നെന്നും അദ്ദേഹത്തിനായി ഒരു മാസ് എൻട്രി സീൻ ഒരുക്കിയിരുന്നതായും സംവിധായകൻ ജൂഡ് ആന്തണി പറഞ്ഞു. ഏറെ പ്രിയപ്പെട്ട ആ സീൻ ചിത്രീകരിച്ച ശേഷം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ജൂഡ്.

'നിവിൻ പോളിയുടെ ഒരു മാസ് എൻട്രി സീൻ ഉണ്ടായിരുന്നു സിനിമയിൽ. ഞാനത് പിന്നീട് ഒഴിവാക്കിയതാണ്. റോക്കറ്റ് ബസ് എന്നത് ഒരു പ്രധാന കഥാപാത്രമായിരുന്നു ആദ്യം. ബസ് കാണുമ്പോൾ ടൊവിനോ പേടിച്ച് മാറുന്നതൊക്കെ ഉണ്ടായിരുന്നു സിനിമയിൽ.

വെള്ളപ്പൊക്കത്തിന്റെ സമയത്ത് ബസിൽ നിന്ന് തൻവിയുടെ കഥാപാത്രവും ഒരു ക്രൈസ്തവ പുരോഹിതനും ഒക്കെ വരുന്നതായി പദ്ധതിയിട്ടിരുന്നു. ഒരു ഓൾഡ്ഏജ് ഹോം ഉണ്ട്. അവിടുത്തെ അന്തേവാസികളെ രക്ഷിക്കുന്ന ഭാഗമുണ്ടായിരുന്നു കഥയിൽ. ഓൾഡ്ഏജ് ഹോമിലെ ആളുകൾ എല്ലാം പെട്ട് കിടക്കുന്നു. ബോട്ടിലോ ഹെലികോപ്റ്ററിലോ അവരെ രക്ഷപ്പെടുത്താനാകുന്നില്ല.

ഈ സമയം ഒരു ബസിന്റെ ശബ്ദം കേൾക്കുന്നു. നോക്കുമ്പോൾ റോക്കറ്റ് ബസ് വരുന്നു. ബസിന് മുകളിൽ സൈലൻസർ ഒക്കെ ഘടിപ്പിച്ചിട്ടുണ്ട്. വൈപ്പർ അടിക്കുന്നതിനിടയിൽ അതിനകത്ത് നിവിൻ പോളി, നിവിന്റെ എൻട്രി. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സീനായിരുന്നു. അതൊന്നും വേണ്ടെന്ന് തോന്നിയപ്പോൾ ഒഴിവാക്കി,' ജൂഡ് ആന്തണി പറഞ്ഞു.