തിരുവനന്തപുരം: 2018 സിനിമ വൻ വിജയമായി തിയറ്ററിൽ മുന്നോട്ടുപോകുന്നതിനിനിടെ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് മറ്റൊരു സന്തോഷ വാർത്ത എത്തുകയാണ്. വൻ വിജയമായി മാറിയ 'ഓം ശാന്തി ഓശാന' യ്ക്കു ശേഷം വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് ജൂഡ് ആന്തണി ജോസഫും നിവിൻ പോളിയും. നിവിൻ പോളി തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

'വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി'- എന്ന അടിക്കുറിപ്പിൽ ജൂഡിനൊപ്പമുള്ള ചിത്രം നിവിൻ പോളി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നും ജൂഡും സ്ഥിരീകരിച്ചു. നിവിൻ പോളിയോടൊപ്പമുള്ള ചിത്രം ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു. പ്രോജക്ടിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 2018. 50 കോടി ക്ലബ്ബും പിന്നിട്ട് ചിത്രം വൻ വിജയമായി മുന്നേറുകയാണ്. ഏറെ നാളുകൾക്കുശേഷമാണ് കേരളത്തിലെ തിയറ്ററുകൾ ഹൗസ് ഫുള്ളാക്കുകയാണ് ചിത്രം. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിന് എത്തിയിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, തൻവി റാം തുടങ്ങിയ വൻ താരനിരയിലാണ് ചിത്രം എത്തിയത്.