- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ പ്രശ്നത്തിന് ശേഷം ഞാനങ്ങനെ പുറത്തെ പരിപാടികള്‍ക്കൊന്നും പോകാറില്ല; എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നത് ജനങ്ങളാണ്; നിങ്ങള്‍ക്ക് നന്ദി പറയാന്‍ ഈ വേദി ഞാന്‍ ഉപയോഗിക്കുന്നു'; നിവിന്‍ പോളി
ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ പോലെ ബോക്‌സ് ഓഫീസ് നിറച്ച നടനാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നിവിന്‍ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി. നേരം, തട്ടത്തിന്‍ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ കയറ്റിയിരുന്ന നടനായിരുന്നു നിവിന്‍ പോളി. എന്നാല്‍ കുറച്ചുനാളായി നല്ലൊരു ബോക്‌സ് ഓഫീസ് വിജയം അദ്ദേഹത്തിനില്ല.
ഇപ്പോഴിതാ, തനിക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ കൂടെ നിന്നത് ജനങ്ങളാണെന്ന് പറയുകയാണ് നിവിന്‍ പോളി. ഒരു പ്രശ്‌നം വന്നപ്പോള്‍ ചേര്‍ത്തുപിടിച്ചത് ജനങ്ങളും പ്രേക്ഷകരുമാണെന്നും ഈ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു. നിലമ്പൂരില്‍ നടന്ന ഗോകുലം നൈറ്റില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ജനങ്ങളോട് നന്ദി പറയാന്‍ ഒരു വേദി കിട്ടിയിരുന്നില്ലെന്നും നിവിന്‍ പറഞ്ഞു.
''ഒരുപാട് നാളുകള്‍ക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നില്‍ നില്‍ക്കുന്നത്. എന്റെ വീട് ആലുവയിലാണ്. ആലുവ ശിവരാത്രി മഹോത്സവം നാട്ടില്‍ നടക്കാറുണ്ട്. ഇവിടുത്തെ ഈ ഉത്സവവും കടകളുമൊക്കെ അതിനെ ഓര്‍മപ്പെടുത്തുന്നു. 2018ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ എന്റെ വീട് മുഴുവന്‍ വെള്ളം കയറിയിരുന്നു. അവസാനം വീട് പുതുക്കി പണിയേണ്ടി വന്നു. പുതുക്കി പണിയുന്ന സമയത്ത് എന്റെ ആഗ്രഹം നിലമ്പൂരിലെ തേക്ക് വച്ച് പണിയണമെന്നായിരുന്നു. അങ്ങനെ ഇവിടെ വന്ന് ഡിപ്പോയില്‍ നിന്ന് തടിയെടുത്തിരുന്നു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോള്‍ വീട്ടിലുള്ളത്.
അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാം. ആ പ്രശ്‌നങ്ങള്‍ക്കുശേഷം ഞാനങ്ങനെ പുറത്തെ പരിപാടികള്‍ക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഗോപാലന്‍ ചേട്ടന്‍ എനിക്കൊരു മെന്ററിനെപ്പോലെയും ജ്യേഷ്ഠനെപ്പോലെയുമാണ്. അതുകൊണ്ടാണ് വിളിച്ചപ്പോള്‍ ഓടിവന്നതാണ്. എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നത് ജനങ്ങളാണ്. നിങ്ങള്‍ക്കൊരു നന്ദി പറയാന്‍ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു. ഈ വര്‍ഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നില്‍ വരും. ആ പ്രോത്സാഹനവും സ്‌നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.