കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7ലെ മത്സരാർത്ഥി ബിന്നി സെബാസ്റ്റ്യന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വിശദീകരണവുമായി ഭർത്താവും നടനുമായ നൂബിൻ. ബിഗ് ബോസിൽ ബിന്നി പങ്കുവെച്ച ജീവിതാനുഭവങ്ങൾ കെട്ടിച്ചമച്ച കഥകളാണെന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന 'ഗീതാഗോവിന്ദം' എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് ബിന്നി സെബാസ്റ്റ്യൻ. ബിഗ് ബോസിലെത്തിയ ബിന്നി, താൻ മൂന്നു വയസ്സുള്ളപ്പോൾ കുടുംബം നോക്കാൻ അമ്മ വിദേശത്തേക്ക് പോയതും, ഗൾഫിൽ ജോലി ചെയ്താണ് തന്നെയും സഹോദരനെയും പഠിപ്പിച്ചതെന്നും, പല ബന്ധുവീടുകളിലായി കഴിഞ്ഞിരുന്നതായും വെളിപ്പെടുത്തിയിരുന്നു. ഈ വാക്കുകൾ കേട്ട് പലരും കണ്ണീർ പൊഴിച്ചെങ്കിലും, ബിഗ് ബോസിനു വേണ്ടി ബിന്നി ഉണ്ടാക്കിയ കഥകളാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചിരുന്നു.

ഈ വിമർശനങ്ങളെക്കുറിച്ചുള്ള തന്റെ വേദന നൂബിൻ പങ്കുവെച്ചു. "ബിന്നിയുടെ വീഡിയോ കണ്ട പലരും നല്ല കമന്റുകൾ ഇട്ടിരുന്നു. എന്നാൽ, ബിഗ് ബോസിൽ പറയാൻ വേണ്ടി ഞങ്ങൾ ഉണ്ടാക്കിയ കഥയാണിതെന്നാണ് ചിലർ പറയുന്നത്. മൂന്നാം വയസ്സിൽ അമ്മ വിദേശത്തേക്ക് പോയത് ആ കുട്ടിക്ക് വലിയ വേദനയാണ്.

അന്ന് അച്ഛനും അമ്മയുമായി ബന്ധമില്ലാതിരുന്ന കാലഘട്ടത്തിൽ, കുട്ടിക്ക് കിട്ടേണ്ട സ്നേഹവും കരുതലും ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ, എങ്ങനെയാണ് ഒരാളെ സ്നേഹത്തോടെ ചേർത്ത് നിർത്തേണ്ടത് എന്നതിനെക്കുറിച്ചോ, കരുതൽ എങ്ങനെ പ്രകടിപ്പിക്കണം എന്നതിനെക്കുറിച്ചോ അവൾക്ക് അറിയില്ലായിരുന്നു," നൂബിൻ വിശദീകരിച്ചു.