മുംബൈ: ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തി. മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള താരത്തിന്റെ വിഡിയോ പുറത്തുവന്നു. എന്നാൽ ഇസ്രയേലിലുണ്ടായ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ താരം തയാറായില്ല.

പിങ്ക് കോ-ഡോർ സെറ്റ് ധരിച്ചാണ് നുസ്രത്ത് ബറൂച്ച എത്തിയത്. ക്ഷീണിതയായാണ് താരത്തെ വിഡിയോയിൽ കാണുന്നത്. പ്രതികരണങ്ങൾ അറിയാൻ മാധ്യമങ്ങൾ താരത്തെ സമീപിച്ചെങ്കിലും സംസാരിക്കാൻ താരം തയാറായില്ല.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 7 വരെ ഇസ്രയേലിൽ നടക്കുന്ന ഹൈഫ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് താരം ഇസ്രയേലിൽ എത്തിയത്. ഹമാസ് ആക്രമണത്തിനു പിന്നാലെ ഇന്നലെ ഉച്ച മുതലാണ് ഇസ്രയേലിലുള്ള നുസ്രത്തുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഉച്ചയ്ക്ക് 12.30 ന് ബന്ധപ്പെടുമ്പോൾ സുരക്ഷിതമായി ബേസ്മെന്റിലായിരുന്നു താരം. എന്നാൽ പിന്നീട് ബന്ധപ്പെടാൻ കഴിയാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.