- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സിനിമയിലെ ജനപ്രിയ നായകന്മാരുടെ പട്ടിക പുറത്ത്; ആദ്യ പത്തിൽ രണ്ട് ബോളിവുഡ് താരങ്ങൾ മാത്രം; ലിസ്റ്റിൽ തെന്നിന്ത്യൻ താരങ്ങളുടെ ആധിപത്യം; പട്ടികയിൽ ഇടം നേടാനാകാതെ മലയാള താരങ്ങൾ
മുംബൈ: ഇന്ത്യൻ സിനിമയിലെ ജനപ്രിയ നായകന്മാരുടെ പട്ടിക പുറത്ത് വിട്ടിരിക്കുകകയാണ് ഓർമാക്സ് മീഡിയ. ലിസ്റ്റിൽ തെന്നിന്ത്യൻ താരങ്ങളാണ് ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. ബോളിവുഡിലെ പല സൂപ്പർ താരങ്ങളും ആദ്യ പത്തിൽ ഇടം നേടാനായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ സിനിമാ ലോകത്ത് ദക്ഷിണേന്ത്യൻ സിനിമകളുടെ ജനപ്രീതി വർധിച്ചു വരുന്നുവെന്ന് കൂടിയാണ് പട്ടികയിൽ നിന്നും മനസ്സിലാക്കേണ്ടത്. ബോളിവുഡ് താരങ്ങളെ പിന്നിലാക്കി തെന്നിന്ത്യൻ ചിത്രങ്ങളും താരങ്ങളും ഇന്ത്യൻ സിനിമ ലോകത്ത് ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്.
പട്ടികയിൽ ഒന്നാംസ്ഥാനത്ത് തെലുങ്ക് സൂപ്പർ താരം പ്രഭാസാണ്. ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലി മുതൽ പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടിയ താരമാണ് പ്രഭാസ്. 2024 പുറത്തിറങ്ങിയ കൽക്കി 2898 ആണ് പ്രഭാസ് അവസാനം അഭിനയിച്ച ചിത്രം. തീയേറ്ററുകളിൽ വലിയ വിജയമാണ് ചിത്രം നേടിയത്. അടുത്ത വർഷം ബിഗ് ബജറ്റ് ചിത്രങ്ങളാണ് നടന്റേതായി പുറത്തിറങ്ങാൻ തയാറെടുക്കുന്നത്. മാധുരി സംവിധാനം ചെയ്യുന്ന 'ദി രാജാസാബ്' ഇതിനോടകം ചർച്ചകളിൽ ഇടം നേടി കഴിഞ്ഞു.
രണ്ടാം സ്ഥാനത്ത് ഇളയ ദളപതി വിജയ് ആണ്. തമിഴിന് പുറമെ തെന്നിന്ത്യ ഒട്ടാകെ വലിയ ആരാധക പിന്തുണയുള്ള താരം അവസാനമായി അഭിനയിച്ച ചിത്രം വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് ആണ്. എന്നാൽ സിനിമയിൽ നിന്ന് ചുവടുമാറിയ താരം രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ജനപ്രിയ നടന്മാരിൽ മൂന്നാം സ്ഥാനത്ത് അല്ലു അർജുൻ ആണ്. തെലുങ്ക് താരത്തിന് മലയാളത്തിലും വമ്പൻ ആരാധക പിന്തുണയാണുള്ളത്. ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ വലിയ ഹൈപ്പോടെയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ 2 എത്തിയത്. തെന്നിന്ത്യയിൽ മാത്രമല്ല ഹിന്ദിയിലും ചിത്രം സൂപ്പർ ഹിറ്റാണ്. അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറാൻ പുഷ്പ 2 വിനായി.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ ഷാറൂഖ് ഖാനാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. രാജ് കുമാർ ഹിറാനി സംവിധാനം ചെയ്ത 'ഡുങ്കി' ആണ് ബോളിവുഡിന്റെ കിങ് ഖാൻ അഭിനയിച്ച അവസാന ചിത്രം. 470 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷൻ. ടോപ്പ് 10 ലിസ്റ്റിൽ ഷാറൂഖിനൊപ്പം അക്ഷയ് കുമാർ മാത്രമേ ബോളിവുഡിൽ നിന്ന് ഇടംപിടിച്ചിട്ടുള്ളൂ. പത്താം സ്ഥാനത്താണ് അക്ഷയ് കുമാർ. പട്ടികയിൽ സൽമാൻ ഖാന്‍റെ അഭാവം ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് ജൂനിയർ എൻ.ടി.ആറാണ്. ആറാം സ്ഥാനത്ത് കോളിവുഡ് താരം അജിത് കുമാർ, ഏഴാമത് മഹേഷ് ബാബു എട്ടാമത് തമിഴ് താരം സൂര്യയാണ്. രാം ചരൺ ആണ് ഒമ്പതാം സ്ഥാനത്ത്.