കൊച്ചി: 'തല്ലുമാല' എന്ന ചിത്രം കണ്ടവർക്കൊന്നും മണവാളൻ വസീമിനെയും അവനൊപ്പം നിൽക്കുന്ന എന്തിനും പോന്ന കൂട്ടുകാരെയും മറക്കാൻ സാധിച്ചെന്നു വരില്ല. കൂട്ടത്തിലെ വെള്ളാരം കണ്ണുകാരനായ ഓസ്റ്റിൻ ഇനി സിനിമാ സംവിധാന രംഗത്തേക്ക് ചുവടു വെക്കുകയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 17-ാമത് ചിത്രത്തിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുകയാണ് നടൻ ഓസ്റ്റിൻ ഡാൻ തോമസ്.

അഞ്ചാം പാതിരാ എന്ന സിനിമയിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയും ഓസ്റ്റിൻ പ്രവർത്തിച്ചിരുന്നു. മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് ചെറിയ കാലയളവിൽ തന്നെ തങ്ങളുടെതായ സ്ഥാനമുറപ്പിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷന്‌സിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന 17-ാമത് ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തല്ലുമാലയിലും, അതിന് മുൻപ് വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ജിസ് ജോയ് പടത്തിലും പ്രധാന കാഥാപാത്രങ്ങളിൽ എത്തിയ ഓസ്റ്റിൻ ഡാൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തല്ലുമാലയിൽ എഡിറ്റർ ആയിരുന്ന നിഷാദ് യൂസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ മറ്റു താരങ്ങളെ കുറിച്ചോ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്നോ തുടങ്ങിയ കാര്യങ്ങൾ യാതൊന്നും തന്നെ ഇപ്പോൾ പുറത്തു വന്നിട്ടില്ല.