- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം വയസ്സിൽ സ്വന്തമായി പേറ്റന്റും വരുമാനവും; സണ്ണി ലിയോണിയുടെ മകൾ നിഷ കൗർ വെബ്ബർ പുലിയാണ്; ആ രഹസ്യം വെളിപ്പെടുത്തി ബോളിവുഡ് താരം

മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ മകൾ നിഷ കൗർ വെബ്ബർ തന്റെ പത്താം വയസ്സിൽത്തന്നെ ഒരു ഉത്പന്നത്തിന് പേറ്റന്റ് നേടി സ്ഥിരവരുമാനം നേടുന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രശസ്ത സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാന്റെ 'ഫൺ വിത്ത് ഫറ' എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെ സണ്ണി ലിയോണി തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. 'ബൂ ബോക്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നം നിഷയുടെ സ്വന്തം ആശയവും കണ്ടുപിടിത്തവുമാണെന്ന് സണ്ണി ലിയോണി വ്യക്തമാക്കി.
രണ്ട് ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു നൂതന ടിഷ്യൂ ഹോൾഡറാണ് 'ബൂ ബോക്സ്'. ഉപയോഗിച്ച ടിഷ്യൂ പേപ്പറുകൾ നിക്ഷേപിക്കാൻ ഒരു ചെറിയ വേസ്റ്റ് ബിൻ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാനും, ഉപയോഗിച്ച ടിഷ്യൂ പേപ്പറുകൾക്ക് പ്രത്യേക വേസ്റ്റ് ബിൻ അന്വേഷിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും ഈ ഉപകരണം സഹായിക്കും. നിഷ തന്നെയാണ് ഇതിന്റെ ആശയം കണ്ടെത്തി തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ ചെയ്തതെന്നും പേറ്റന്റ് സ്വന്തമാക്കിയെന്നും സണ്ണി ലിയോണി അഭിമാനത്തോടെ പറഞ്ഞു. മകൾ വളരെ ബുദ്ധിമതിയും മിടുക്കിയുമാണെന്നും അവർ കൂട്ടിച്ചേർത്തു.
മുംബൈയിലെ മിക്ക കുട്ടികളെയും പോലെ പൊടിശല്യം കാരണം നിഷയ്ക്ക് അലർജിയുണ്ടായിരുന്നു. ഉപയോഗിച്ച ടിഷ്യൂകൾ എപ്പോഴും ചിതറിക്കിടക്കുന്നത് കാണുമ്പോൾ അവ എടുത്ത് ബിന്നിലിടാൻ സണ്ണി നിഷയോട് ആവശ്യപ്പെടാറുണ്ടായിരുന്നു. ഒരു ദിവസം നിഷ ഒരു ടിഷ്യൂ ബോക്സിനൊപ്പം ഒരു ഡിസ്പോസിബിൾ കപ്പ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു തനിക്ക് കാണിച്ചു തരികയായിരുന്നുവെന്ന് സണ്ണി ലിയോണി ഓർമ്മിച്ചു. ഈ ആശയം കണ്ടപ്പോൾ തനിക്ക് രസകരമായി തോന്നിയെന്നും സണ്ണി വെളിപ്പെടുത്തി.
നിഷയുടെ കണ്ടുപിടിത്തത്തിൽ സണ്ണി സന്തോഷം പ്രകടിപ്പിച്ചപ്പോൾ, തമാശരൂപേണ ഫറ ഖാൻ താൻ വീട്ടിൽ പോയി മക്കൾക്ക് അടി കൊടുക്കാൻ പോവുകയാണെന്ന് പ്രതികരിച്ചു. പത്താം വയസ്സിൽത്തന്നെ പണം സമ്പാദിക്കാൻ തുടങ്ങിയ നിഷയോട് വീട്ടിലെ ആൺമക്കൾക്ക് ഇപ്പോൾ അസൂയയാണെന്നും സണ്ണി ലിയോണി പങ്കുവെച്ചു. സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബ്ബറും 2017-ൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് നിഷയെ ദത്തെടുത്തത്.


