- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രിയദർശനൊപ്പം വർക്ക് ചെയ്താൽ ഹീമോഗ്ലോബിൻ കൂടും'; ഏഴര അദ്ദേഹത്തിന്റെ പൂജാ സമയമാണ്; ലൊക്കേഷൻ വിശേഷങ്ങളുമായി പരേഷ് റാവൽ

മുംബൈ: ഹിറ്റ് മേക്കർ പ്രിയദർശനും അക്ഷയ് കുമാറും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന 'ഭൂത് ബംഗ്ല'യ്ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ പ്രിയദർശന്റെ ലൊക്കേഷൻ രീതികളെക്കുറിച്ച് നടൻ പരേഷ് റാവൽ പങ്കുവെച്ച രസകരമായ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിയദർശനൊപ്പം പ്രവർത്തിക്കുന്നത് ഒരു 'ജോയ് റൈഡ്' പോലെയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പ്രിയദർശന്റെ സെറ്റുകളിൽ മറ്റ് ലൊക്കേഷനുകളെപ്പോലെ തിരക്കോ ബഹളങ്ങളോ ഉണ്ടാകാറില്ലെന്ന് പരേഷ് റാവൽ പറയുന്നു. "അദ്ദേഹത്തിന് എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ ജോലി ഏറെ ആസ്വാദ്യകരമാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് എന്റെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കും," തമാശരൂപേണ താരം പറഞ്ഞു.
കൃത്യനിഷ്ഠയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പ്രിയദർശൻ എല്ലാ ദിവസവും വൈകുന്നേരം കൃത്യം 7:30-ന് 'പാക്കപ്പ്' പറയുന്ന രീതിയെക്കുറിച്ചും പരേഷ് വാചാലനായി. ഇതിന്റെ കാരണം ഒരിക്കൽ അക്ഷയ് കുമാർ ചോദിച്ചപ്പോൾ പരേഷ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "അത് അദ്ദേഹത്തിന്റെ പൂജാ സമയമാണ്." പ്രിയദർശന്റെ ചിട്ടയായ പ്രവർത്തനരീതിയെ കളിയായും കാര്യമായും അവതരിപ്പിച്ച പരേഷിന്റെ മറുപടി ചിരിയോടെയാണ് അണിയറപ്രവർത്തകർ സ്വീകരിച്ചത്.
ഹൊറർ-കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സൈക്കോളജിക്കൽ ത്രില്ലറാണ് 'ഭൂത് ബംഗ്ല'. അക്ഷയ് കുമാറിനും പരേഷ് റാവലിനുമൊപ്പം രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രം ഏപ്രിൽ 17-ന് തിയറ്ററുകളിലെത്തും.


