കൊച്ചി: തമിഴ് സിനിമയായ മരിയാന്റെ ഷൂട്ടിങ് സെറ്റിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും താരം നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്.

മരിയാൻ സിനിമയുടെ ചിത്രീകരണത്തിനിടെ താൻ പൂർണമായും വെള്ളത്തിൽ നനഞ്ഞ ഒരു രംഗം ചിത്രീകരിക്കുകയായിരുന്നുവെന്ന് പാർവതി പറഞ്ഞു. വസ്ത്രം മാറാനുള്ള സൗകര്യങ്ങളോ സഹായിക്കാനുള്ള ആളുകളോ ഇല്ലാതിരുന്നതിനാൽ, ഹോട്ടൽ മുറിയിലേക്ക് പോകാൻ തനിക്ക് ആവശ്യപ്പെടേണ്ടി വന്നു. അണിയറപ്രവർത്തകർ ആദ്യം വിസമ്മതിച്ചപ്പോൾ, 'എനിക്ക് പീരിയഡ്‌സ് ആണ്, എനിക്ക് പോകണം' എന്ന് താൻ ഉറക്കെ പറഞ്ഞെന്നും, അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അവർക്ക് അറിയില്ലായിരുന്നെന്നും പാർവതി വ്യക്തമാക്കി. അന്ന് സെറ്റിൽ താനുൾപ്പെടെ മൂന്ന് സ്ത്രീകൾ മാത്രമാണുണ്ടായിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടിക്കാലം മുതൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് തനിക്ക് 19-20 വയസ്സുണ്ടായിരുന്നപ്പോൾ നേരിട്ടൊരു ദുരനുഭവം പാർവതി പങ്കുവെച്ചത്. പിന്നിൽ നിന്നിരുന്ന ഒരാൾ തന്റെ ദേഹത്തോട് ചേർത്ത് അമർത്തുകയായിരുന്നു. ഉടൻതന്നെ താൻ അയാളുടെ കരണത്തടിച്ചെന്നും, സുരക്ഷാ ജീവനക്കാർ ഓടിയെത്തുകയും പോലീസിനെ വിളിക്കുകയും ചെയ്തെന്നും പാർവതി പറഞ്ഞു. അടിയേറ്റയാൾ കരഞ്ഞുകൊണ്ട് തന്റെ കാലിൽ വീഴുകയും, ഗൾഫിൽ ജോലി കിട്ടിയെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും പറഞ്ഞ് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, 'കരണത്തടിച്ചില്ലേ, വിട്ടേക്കൂ' എന്ന് പോലീസടക്കം ഉപദേശിക്കുകയായിരുന്നു. അന്ന് താൻ അയാളോട്, "ഇതൊക്കെ ഉണ്ടായിരുന്നിട്ടും നിനക്ക് നിന്റെ വികാരങ്ങളെ തടഞ്ഞുനിർത്താൻ സാധിച്ചില്ലേ?" എന്ന് ചോദിച്ചതായും താരം വെളിപ്പെടുത്തി.