കൊച്ചി: ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സ്' നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ചകൊണ്ട് നൂറു കോടി ക്ലബിലും ചിത്രം ഇടം പിടിച്ചു. തമിഴ്‌നാട്ടിലും ചിത്രം മികച്ച പ്രതികരണങ്ങൾ നേടികൊണ്ടാണ് മുന്നേറുന്നത്. സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം തെന്നിന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടൻ ആന്റണി വർഗീസ് പങ്കുവെച്ച ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് ചർച്ചകളിൽ ഇടംപിടിച്ചിരിക്കുന്നത്.

സിനിമ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നും, ഇനി എപ്പോൾ ടൂർ പോകുമ്പോഴും ഈ ചിത്രമാണ് തനിക്ക് ഓർമവരികയെന്നുമാണ് ആന്റണി വർഗീസ് കുറിച്ചത്. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നതെന്നും, കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടുവാണ് ഈ സിനിമയെന്നും ആന്റണി കുറിച്ചു.

ആന്റണി വർഗീസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

'മഞ്ഞുമ്മൽ ബോയ്സ് '... കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടു... നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യ മൊത്തം ചർച്ചയാകുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല... ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പർ. ഇനി ട്രിപ്പ് എപ്പോൾ പോയാലും ആദ്യം ഓർമ്മവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യിൽ സ്റ്റിച് ഇട്ടത് ഒർക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു. എന്നാലും ഈ മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും.