കൊച്ചി: ‘കാട്ടാളൻ’ സിനിമയുടെ പോസ്റ്ററിന് താഴെയായി വന്ന നെഗറ്റീവ് കമന്റിന് നടൻ ആന്റണി വർഗീസ് പെപ്പെ നൽകിയ കമന്റിന് സാമൂഹ്യമാധ്യമങ്ങളിൽ കയ്യടി. താരത്തെ കളിയാക്കുന്ന രീതിയിലായിരുന്നു കമന്റ്. എന്നാൽ തികച്ചും നെഗറ്റീവ് കമന്റിട്ട വ്യക്തിയോട് സംയമനത്തോടെ താരം പ്രതികരിച്ചതെന്നാണ് പലരുടെയും അഭിപ്രായം.

‘കാട്ടാളൻ’ സിനിമയുടെ പോസ്റ്ററിന് താഴെ ഒരാൾ ഇങ്ങനെ കമന്റ് ചെയ്തിരുന്നു: ‘എന്ത് ഉണ്ടായിട്ടെന്തു കാര്യം, പെപ്പെ അല്ലേ നായകൻ’. ഈ കമന്റിന് മറുപടിയായി ആന്റണി വർഗീസ് പെപ്പെ, കമന്റ് ചെയ്ത വ്യക്തിയെ ടാഗ് ചെയ്തുകൊണ്ട് ഇങ്ങനെയാണ് മറുപടി നൽകിയത്: ‘അളിയാ... എന്താ അങ്ങനൊരു ടോക്ക്. തുടങ്ങിയതല്ലേ ഉള്ളൂ... എല്ലാം സെറ്റാവും’. താരത്തിന്റെ ഈ പോസിറ്റീവ് പ്രതികരണത്തെ ആരാധകർ അഭിനന്ദനങ്ങളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

‘മാർക്കോ’യുടെ വിജയത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാട്ടാളൻ’. 45 കോടി മുതൽമുടക്കിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ഇത് അണിയിച്ചൊരുക്കുന്നത്. ‘പൊന്നിയൻ സെൽവൻ’ ഒന്നാം ഭാഗം, ‘ബാഹുബലി - 2’, ‘ജവാൻ’, ‘ബാഗി 2’ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫർ കൊച്ച കെംബഡിയാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് ആണ് സംഗീതം നൽകുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ പോൾ വർഗീസ് ആണ്.