എന്‍ജിനീയറിങ് പഠനകാലത്തെ പരീക്ഷ പേപ്പര്‍ പങ്കുവച്ച് തമിഴ് നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍. നായകനാെയത്തുന്ന പുതിയ സിനിമ 'ഡ്രാഗണ്‍' റിലീസിനോടനുബന്ധിച്ചാണ് താരത്തിന്റെ പോസ്റ്റ്. സൂപ്പര്‍ഹിറ്റ് ചിത്രം 'ലവ് ടുഡേ' യ്ക്കു ശേഷം പ്രദീപ് നായകനായെത്തുന്ന ചിത്രമാണ് 'ഡ്രാഗണ്‍'.

'പരീക്ഷയ്ക്ക് കഥകള്‍ എഴുതരുതെന്ന് അധ്യാപകന്‍ പറഞ്ഞു. പക്ഷേ ഞാന്‍ അതെന്റെ പ്രഫഷനാക്കി മാറ്റി'. പരീക്ഷ പേപ്പറിന്റെ ചിത്രം പങ്കുവച്ച് പ്രദീപ് കുറിച്ചു. ഉത്തരങ്ങള്‍ക്കു പകരം ബന്ധമില്ലാത്ത കാര്യങ്ങള്‍ എഴുതി വച്ചതിന് 'പ്രിയപ്പെട്ട പ്രദീപ് ദയവ് ചെയ്ത് കഥകള്‍ എഴുതി വയ്ക്കരുത്' എന്ന അധ്യാപകന്റെ മറുപടിയും പേപ്പറില്‍ കാണാം. ഇത് യൂണിറ്റ് ടെസ്റ്റിന്റെ പരീക്ഷ പേപ്പറാണെന്നും പ്രധാന പരീക്ഷകളില്‍ നന്നായി പഠിച്ചാണ് എഴുതാറുള്ളതെന്നും പ്രദീപ് പറയുന്നുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രമായ ലവ് ടുഡേയ്ക്കു ശേഷം പ്രദീപ് നായകനായെത്തുന്ന ചിത്രമാണ് ഡ്രാഗണ്‍. ഉഴപ്പനായ ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഓ മൈ കടവുളേക്ക് ശേഷം അശ്വത് ഒരുക്കുന്ന സിനിമയാണ് ഡ്രാഗണ്‍. ഫെബ്രുവരി 21 ന് ചിത്രം തിയേറ്ററിലെത്തും. റൊമാന്റിക് കോമഡി ജോണറില്‍ ആണ് സിനിമയെത്തുന്നത് എന്നാണ് ഇതുവരെ വന്ന സിനിമയുടെ പ്രൊമോയില്‍ നിന്ന് മനസിലാകുന്നത്. സിനിമയിലേതായി പുറത്തുവന്ന ഗാനങ്ങള്‍ക്കെല്ലാം നല്ല റെസ്‌പോണ്‍സ് ആണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

കയതു ലോഹര്‍, അനുപമ പരമേശ്വരന്‍, ഗൗതം വാസുദേവ് മേനോന്‍, ജോര്‍ജ് മരിയന്‍, കെ എസ് രവികുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എന്റര്‍ടൈയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയാണിത്. കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ്, കല്‍പ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിര്‍മാതാക്കള്‍. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോണ്‍ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോണ്‍ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗണ്‍.