ബംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകാശ് രാജ് ബിജെപിയിൽ ചേരുമെന്ന് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട യൂസർക്ക് കിടിലൻ മറുപടിയുമായി താരം തന്നെ രംഗത്ത്. തന്നെ വാങ്ങാൻ മാത്രം ആശയപരമായി ബിജെപി സമ്പന്നരല്ലെന്ന് പ്രകാശ് രാജ് കുറിപ്പിനു താഴെ മറുപടി നൽകി.

നിമിഷങ്ങൾക്കകമാണ് നടന്റെ മറുപടി വൈറലായത്. 'പ്രകാശ് രാജ് ഇന്ന് മൂന്ന് മണിക്ക് ബിജെപിയിൽ ചേരും' എന്നായിരുന്നു ദ സ്‌കിൻ ഡോക്ടർ എന്ന പേരിലുള്ള അക്കൗണ്ടിൽ വന്ന പോസ്റ്റ്. 'അവർ അതിന് ശ്രമിച്ചെന്ന് കരുതുന്നു. എന്നാൽ എന്നെ വാങ്ങാൻ തക്ക (പ്രത്യയശാസ്ത്രപരമായി) അവർ സമ്പന്നരല്ലെന്ന് മനസ്സിലാക്കിയിരിക്കണം. നിങ്ങൾ എന്താണ് ചിന്തിക്കുന്നത് സുഹൃത്തുക്കളെ' -പ്രകാശ് രാജ് എക്സിൽ കുറിച്ചു.

ബിജെപിയിൽ ചേരുമെന്ന പോസ്റ്റിനൊപ്പമാണ് നടൻ കുറിപ്പിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്റെയും കടുത്ത വിമർശകനാണ് പ്രകാശ് രാജ്. വിവിധ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ നടൻ പലപ്പോഴും തന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തുറന്നുപറയാറുണ്ട്.

അതുകൊണ്ടു തന്നെ ബിജെപിയുടെ കണ്ണിലെ കരടാണ് നടൻ. നേരത്തെ, നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രകാശ് രാജിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. ജൂവലറി ഉടമതിരായ 100 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസിലാണ് പ്രകാശ് രാജിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിക്ഷേപ തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ പ്രണവ് ജൂവലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്.