കൊച്ചി: തന്നെ ഒരു തള്ളുകാരനായി ചിത്രീകരിക്കുന്നതിൽ വേദനയുണ്ടെന്ന് നടൻ പ്രമോദ് വെളിയനാട്. 'കിങ് ഓഫ് കൊത്ത'യെ കുറിച്ച് താരം അഭിമുഖങ്ങളിൽ നടത്തിയ ചില പ്രസ്താവനകൾ സൈബറിടത്തിൽ വിമർശനത്തിന് ഇടയാക്കിയോടയാണ് പ്രമോദ് പ്രതികരണവുമായി രംഗത്തുവന്നത്. തനിക്ക് നേരിടുന്ന സൈബർ ആക്രമണത്തിൽ വേദനയുണ്ട്. താൻ കണ്ട കാഴ്ചയാണ് പറഞ്ഞത് അതിന്റെ പേരിൽ ഉപദ്രവിക്കരുതെന്നും താരം പറഞ്ഞു.

''എനിക്ക് ഇന്നും ബാഹുബലി തന്നെയാണ് കിങ് ഓഫ് കൊത്ത. എനിക്കൊരു നേരത്തെ ഭക്ഷണവും വേതനവും തന്ന സിനിമയാണ്. എനിക്ക് എല്ലാ സൗകര്യങ്ങളും തന്ന സിനിമയെക്കുറിച്ച് ഒരിക്കലും കുറ്റം പറയില്ല. കണ്ട കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. എനിക്ക് ആ സിനിമ പൊന്നാണ്. കരിയറിൽ എടുത്തുകാണിക്കാൻ പറ്റിയ സിനിമ.

സെറ്റിൽ വന്നിറങ്ങിയപ്പോൾ അദ്ഭുത ലോകത്ത് ചെന്നതു പോലെയാണ് തോന്നിയത്. അപ്പോഴേ മനസിലായി ഈ സിനിമ ബമ്പർ ഹിറ്റാണെന്ന്. തുടർന്ന് ഒരഭിമുഖത്തിൽ ഞാൻ പറഞ്ഞു, നായകന് നൂറ് കയ്യടി കിട്ടിയാൽ പത്ത് കയ്യടി ഞാൻ എടുക്കുമെന്ന്. അത് നായകന്റെ ഇൻട്രൊ സീൻ ആണ്, എന്നെ കൊല്ലുന്നതാണ് ആ രംഗത്തിൽ ഉള്ളത്. അന്നത് എനിക്ക് തുറന്നു പറയാൻ പറ്റുമോ?. ഈ നാറിയാണ് തള്ളു തുടങ്ങിയതെന്നു പറഞ്ഞാണ് സിനിമയുടെ റിലീസിനു ശേഷം എനിക്കെതിരെ സൈബർ ആക്രമണമുണ്ടായത്.

ഞാൻ തള്ളിയതല്ല ചങ്ങാതിമാരേ, അവിടെ ഞാൻ കണ്ട കാഴ്ചകളാണ് പറഞ്ഞത്. നിങ്ങൾക്ക് ആ കാഴ്ച കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ കുഴപ്പമായി കാണരുത്, എന്റെ അറിവില്ലായ്മയും വിവരക്കേടായും കണ്ട് മാപ്പ് തരുക'-പ്രമോദ് പറഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുൻപ് താരം കിങ് ഓഫ് കൊത്തയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ട്രോളായും മീമായും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. 'കള' എന്ന സിനിമയിലൂടെയാണ് പ്രമോദ് വെളിയനാട് സിനിമയിലെത്തുന്നത്.