കൊച്ചി: 'ഓപ്പറേഷൻ നുംഖോറി'നെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ നാരായണൻ. കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് സ്വപ്നവാഹനം വാങ്ങിയ പൗരന് സാധിക്കുമെങ്കിൽ തൂക്കുകയർ നൽകണമെന്നും, ഇത്തരം വാഹനക്കടത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്ക് ബഹുമതികൾ നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ വിമർശനം.

പ്രതിരോധ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടികൂടിയ വാഹനങ്ങൾ എറണാകുളം കസ്റ്റംസ് ഓഫീസിലെത്തിച്ചതിന് പിന്നാലെയാണ് പ്രവീൺ നാരായണന്റെ പ്രതികരണം. അഞ്ചു വർഷം മുൻപ്, എല്ലാ നികുതികളും അടച്ച്, ആർടിഒയിൽ രജിസ്റ്റർ ചെയ്ത്, ഇൻഷുറൻസ്, ടാക്സ്, ജിഎസ്ടി, പുകപരിശോധന എന്നിവയെല്ലാം പൂർത്തിയാക്കി വാങ്ങിയ വാഹനങ്ങളാണ് ഇപ്പോൾ റെയ്ഡ് ചെയ്ത് കസ്റ്റഡിയിലെടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയധികം വാഹനങ്ങൾ അതിർത്തി സുരക്ഷാ സേനയെയും കസ്റ്റംസിനെയും വെട്ടിച്ച്, ഭൂട്ടാൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി, തുടർന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കേരളത്തിലെത്തിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രവീൺ നാരായണന്റെ കുറിപ്പിന്റെ പൂർണ രൂപം:

കഴിഞ്ഞ ആഴ്ച ആണ് ഞാൻ ഒരു വണ്ടി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌ ഇട്ടതു. ഒരു പാട് സുഹൃത്തുക്കൾ അതിൽ അവരുടെ അഭിപ്രായം പറയുകയുണ്ടായി.അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും ഒരുപാടു നന്ദി സാധിച്ചത് പോലെ റിപ്ലൈ കൊടുക്കാൻ ആവുന്ന ശ്രമിച്ചിട്ടുണ്ട് ഇനി വിഷയത്തിലേക്കു വരാം.

ഞാൻ എഴുതി സംവിധാനം ചെയ്ത, ഇന്ത്യ മുഴുവൻ വിവാദമായ, വാർത്തയായ ഒരു സിനിമയെപ്പറ്റി ഉള്ള ഒരു പോസ്റ്റിലും ഉണ്ടാവാത്ത അത്രക്കും traffic ആ പോസ്റ്റിൽ ഉണ്ടായി ഏകദേശം 5 lakhs നു മുകളിൽ ആണ് ടോട്ടൽ വ്യൂവർഷിപ്പ്, കാർ തപ്പിപ്പോയ പോക്കിൽ ഞാനും ഒന്ന് രണ്ടു റീ-രജിസ്റ്റർഡ് വണ്ടികൾ വെറുതെ ഒരു കൗതുകത്തിനു കാണുകയുണ്ടായി, അദർ സ്റ്റേറ്റ് വാഹനങ്ങൾ വേണ്ട എന്ന് തോന്നിയത് കൊണ്ട് അധികം അങ്ങോട്ട്‌ പോയില്ല, അന്നേരമാണ് ഓപ്പറേഷൻ സിന്ദൂർനു ശേഷം ഓപ്പറേഷൻ നുമ്ഖോർ വരുന്നത്..

പക്ഷെ ഒരു സംശയം ഉള്ളത്, 200 കാറുകൾ അതിർത്തി സുരഷാ സേനയെയും കസ്റ്റംസ്നെയും വെട്ടിച്ചു ഭൂട്ടാൻ അതിർത്തി കടന്ന് ഇന്ത്യയിൽ എത്തി അതിനു ശേഷം ഇന്ത്യയിലെ ഒരു സ്റ്റേറ്റിന്റെ RTO യിൽ രജിസ്റ്റർ ചെയ്ത് NOC വാങ്ങി കേരളത്തിൽ എത്തിച്ച്, ഇൻഷുറൻസ് , ടാക്സ് അതിന് GST, പുക പരിശോധന എല്ലാം ചെയ്ത് 5 വർഷങ്ങൾ കഴിഞ്ഞ് വണ്ടി വാങ്ങിച്ചവരുടെ വീട് റെയ്ഡ് ചെയ്തു വണ്ടി പിടിച്ചു കൊണ്ട് പോവുക !!

ശ്വസിക്കുന്ന വായു ഒഴികെ എല്ലാത്തിനും നികുതി അടച്ചു ജീവിക്കുന്ന പൗരൻ അവന്റെ അധ്വാനം കൊണ്ട് കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസ വെച്ച് ഒരു സ്വപ്ന വാഹനം വാങ്ങിയതിന് സാധിക്കുമെങ്കിൽ ഇന്ത്യൻ പീനൽ കോഡ് പ്രകാരം കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ ആയ തൂക്കു കയർ തന്നെ വാങ്ങി കൊടുക്കണം ...!!

കൂടാതെ, തുടക്കം മുതൽ ഒടുക്കം വരെ കൈക്കൂലി വാങ്ങി ഇതിനു ഒത്താശ പാടിക്കൊടുത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾക്ക്, സത്യസന്ധമായും, നൂറു ശതമാനം അർപ്പണ ബോധത്തോടെയും ജോലി ചെയ്തതിനു ഇന്ത്യൻ പ്രസിഡന്റിന്റെ കയ്യിൽ നിന്നും ഏതെങ്കിലും പരമോന്നത ബഹുമതിയും കൂടാതെ ശമ്പളവും, അല്ലവൻസും കൂട്ടിക്കൊടുക്കുവാനായി ശുപാർശയും ചെയ്യണം എന്നാണ് എന്റെ അഭ്യർത്ഥന.