തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേം കുമാർ. അതിജീവിതയും മഞ്ജു വാര്യരും കേസിൽ കുറ്റവിമുക്തനായ ദിലീപും ഉൾപ്പെടെ പലരും ഗൂഢാലോചനയുണ്ടെന്ന് പറയുന്ന സാഹചര്യത്തിൽ, അത് കൃത്യമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഐ.എഫ്.എഫ്.കെ. വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രേം കുമാർ.

കേസിന്റെ തുടക്കത്തിൽ മഞ്ജു വാര്യർ ഗൂഢാലോചനയെക്കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് പ്രോസിക്യൂഷനും ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തി. ഒന്നാം പ്രതിയും ഇത് ക്വട്ടേഷനാണെന്ന് പറഞ്ഞിട്ടുണ്ട്. ക്വട്ടേഷനാകുമ്പോൾ അതിനു പിന്നിൽ ഗൂഢാലോചന സ്വാഭാവികമാണെന്നും പ്രേം കുമാർ ചൂണ്ടിക്കാട്ടി. അതിജീവിതയും ക്വട്ടേഷനാണെന്ന് പറയുന്നു. ഇപ്പോൾ കേസിൽ വെറുതെ വിട്ട ദിലീപിനും ഗൂഢാലോചനയുണ്ടെന്ന അഭിപ്രായമാണുള്ളത്. പൊതുസമൂഹവും ഗൂഢാലോചന സിദ്ധാന്തം വിശ്വസിക്കുന്ന സാഹചര്യത്തിൽ, ഈ വിഷയം കൃത്യമായി അന്വേഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

"എന്താണ് ഗൂഢാലോചന? ആരാണ് നടത്തിയത്? ആർക്കെതിരെയാണ് ഈ ഗൂഢാലോചന നടന്നിട്ടുള്ളത്? ഇത് കൃത്യമായി കണ്ടെത്തണം. എല്ലാവരും ഒരേ സ്വരത്തിൽ ഗൂഢാലോചന എന്ന് പറയുമ്പോൾ കോടതിക്ക് മാത്രം അത് ബോധ്യമായില്ല എന്ന് പറയുന്നു," പ്രേം കുമാർ പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്താൽ മാത്രമേ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യത വർധിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് അവർ തന്നെ പറയുമ്പോൾ, നീതി ലഭിച്ചുവെന്ന് നമുക്ക് എങ്ങനെ പറയാനാവുമെന്നും പ്രേം കുമാർ ചോദിച്ചു. ഗൂഢാലോചന അന്തരീക്ഷത്തിൽനിന്ന് ഉണ്ടാകില്ലെന്നും, അത് നടത്തിയവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.