ചെന്നൈ: കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത 'മെയ്യഴകൻ' എന്ന ചിത്രം തമിഴിൽ ചെയ്തത് തെറ്റായിപ്പോയെന്ന് സംവിധായകൻ പ്രേംകുമാർ. ഈ ചിത്രം മലയാളത്തിൽ ഒരുക്കിയെങ്കിൽ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ സാധ്യതയുണ്ടായിരുന്നെന്നും, ഇതേക്കുറിച്ച് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചെങ്കിലും തിയേറ്ററിൽ അർഹിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെയാണ് നിരവധിപേർ ഇക്കാര്യം സംവിധായകനോട് സൂചിപ്പിച്ചത്. 'മെയ്യഴകൻ' തമിഴിൽ ചെയ്തത് ഒരു തെറ്റായിപ്പോയെന്നും, ഇതൊരു മലയാളം സിനിമ ആയിരുന്നെങ്കിൽ തമിഴ് പ്രേക്ഷകർ ഇതിനെ കൂടുതൽ സ്വീകരിക്കുമായിരുന്നു എന്നും പലരും പറഞ്ഞ് കേട്ടപ്പോൾ വിഷമം തോന്നിയെന്നും പ്രേംകുമാർ പറഞ്ഞു.

'മെയ്യഴകൻ' ഒരു ഫീൽ ഗുഡ് ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രമായിരുന്നു. പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ചിത്രത്തിന് കഴിഞ്ഞെങ്കിലും വാണിജ്യപരമായി പിന്നോട്ടുപോയി. ഈ സാഹചര്യത്തിലാണ് മലയാളത്തിൽ ഒരുക്കിയിരുന്നെങ്കിൽ ചിത്രം വിജയിക്കുമായിരുന്നുവെന്ന അഭിപ്രായം ഉയർന്നുവരുന്നത്.