ആരാധകർ വളരെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായെത്തുന്ന 'എമ്പുരാൻ'. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജ്. എന്നാൽ താരം വീണ്ടും ബോളിവുഡിൽ ഒരു പ്രധാന കഥാപാത്രവുമായി എത്തുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 'റാസി', 'ചാപക്', 'തൽവാർ' തുടങ്ങി മികച്ച പ്രേക്ഷക നിരൂപ പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങൾ ഒരുക്കിയ മേഘ്‍ന ഗുല്‍സര്‍ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന സിനിമയിലാകും പൃഥ്വിരാജ് എത്തുക. പോലീസ് ഉദ്യോഗസ്ഥാനായിട്ടാകും താരം എത്തുക.

യഥാർത്ഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കരീന കപൂറായിരിക്കും ചിത്രത്തിലെ നായിക. 'അയ്യ'എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡില്‍ അരങ്ങേറിയത്. റാണി മുഖര്‍ജി നായികയായെത്തിയ ചിത്രം സച്ചിൻ കുന്ദല്‍കര്‍ ആണ് സംവിധാനം ചെയ്തത്. 2012 ലായിരുന്നു അയ്യാ സിനിമയുടെ റിലീസ്.

അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പ്രധാന വേഷങ്ങളിൽ എത്തിയ 'ബഡേ മിയാൻ ചോട്ടെ മിയാൻ' ആണ് പൃഥ്വിരാജ് അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം. എന്നാൽ ചിത്രം ബോക്സ് ഓഫിസിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ആദ്യമായാണ് താരം കരീന കപൂർ, മേഘ്‌ന ഗുൽസാർ എന്നിവർക്കൊപ്പം ഒന്നിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കിയും എന്നാണ് റിപ്പോർട്ട്.