സിനിമയിൽ പ്രതിഫലത്തേക്കാൾ പ്രധാനം നല്ല സിനിമകളുടെ ഭാഗമാകാനും മികച്ച പ്രകടനം കാഴ്ചവെക്കാനുമാണെന്ന് നടി പ്രിയ വാര്യർ. താൻ പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണെന്നും, ഇക്കാര്യത്തിൽ പ്രചരിക്കുന്ന ചില വാർത്തകൾ ശരിയല്ലെന്നും അവർ വ്യക്തമാക്കി.

'ഒരു അടാർ ലവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയ ഇപ്പോൾ ബഹുഭാഷാ ചിത്രങ്ങളിലും മോഡലിംഗ് രംഗത്തും സജീവമാണ്. താൻ ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നതായി ചില കോണുകളിൽ നിന്ന് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു താരം. "ഞാൻ വളരെയധികം പ്രതിഫലം വാങ്ങുന്ന ആളാണെന്ന് അടുത്തിടെ ചിലർ പറയുന്നത് കേട്ടു. അങ്ങനെയൊരു ഉയർന്ന പ്രതിഫലം ഞാൻ വാങ്ങുന്നുണ്ടെങ്കിൽ ദുബായിൽ സ്ഥിരതാമസമാക്കുമായിരുന്നല്ലോ. എനിക്ക് വളരെയധികം താൽപ്പര്യമുള്ള ഒരു വിഷയമാണെങ്കിൽ പ്രതിഫലം നോക്കാതെ സൗജന്യമായി അഭിനയിക്കാൻ പോലും ഞാൻ തയ്യാറാണ്. കാരണം, പ്രശസ്തിയും പണവുമല്ല എന്റെ പ്രാഥമിക ലക്ഷ്യങ്ങൾ," പ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"എനിക്ക് അഭിനയിക്കണം, നല്ല പ്രകടനം കാഴ്ചവെക്കണം, നല്ല സിനിമകളുടെ ഭാഗമാകണം എന്നിവയാണ് എന്റെ പ്രധാന ലക്ഷ്യങ്ങൾ. അതിനാൽ പ്രശസ്തിയും പണവും എനിക്ക് രണ്ടാമത്തെ കാര്യങ്ങളാണ്. ഒരു നല്ല ബ്രാൻഡിനൊപ്പം സഹകരിക്കുമ്പോൾ പോലും, ഇൻസ്റ്റാഗ്രാമിൽ പ്രതിഫലം ചർച്ച ചെയ്യുമ്പോൾ പോലും, നല്ല ബ്രാൻഡ് ആണെങ്കിൽ പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഞാൻ തയ്യാറാണ്. യാതൊരു നിർബന്ധബുദ്ധിയും എനിക്കില്ല," അവർ കൂട്ടിച്ചേർത്തു.