- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലുമായി 'ഹരം' കൊള്ളിക്കാൻ പ്രിയന്റെ മനസ്സിൽ നൂറാം ചിത്രം
കൊൽക്കത്ത: കുട്ടിക്കാലത്ത് ആഗ്രഹിച്ചത് ക്രിക്കറ്റിൽ സെഞ്ച്വറി അടിക്കാൻ. പക്ഷേ സെഞ്ച്വറി അടിക്കാൻ പോകുന്നത് സിനിമയിലും. ഇനി നാലു സിനിമകൾ കൂടി ചിത്രീകരിച്ചാൽ പ്രിയദർശന്റെ സിനിമാ നേട്ടം നൂറാകും. സിനിമയിൽ സെഞ്ചുറി തികയ്ക്കണമെന്നും നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണെമെന്നും ആഗ്രഹമുള്ളതായി പ്രശസ്ത സംവിധായകൻ പ്രിയദർശൻ പറഞ്ഞു. കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെന്നിന്ത്യയിൽ നിന്ന് പോയി ബോളിവുഡിൽ തുടർ വിജയങ്ങൾ നേടിയ ചുരുക്കം സംവിധായകരുടെ നിരയിലാണ് പ്രിയദർശന്റെ സ്ഥാനം. അങ്ങനെ ചരിത്രം രചിച്ച സംവിധായകനാണ് സെഞ്ച്വറി മോഹം വെളിപ്പെടുത്തുന്നത്.
ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാകണമെന്നും സെഞ്ചുറി അടിക്കണമെന്നും മോഹിച്ചിരുന്നു. കളിക്കിടെ പരിക്ക് പറ്റിയതിനെത്തുടർന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ സിനിമയിൽ സെഞ്ചുറി തികയ്ക്കാൻ നാലുചിത്രങ്ങൾ കൂടി മതി -പ്രിയദർശൻ കൊൽക്കത്തയിൽ പറഞ്ഞു. 2021 ൽ പുറത്തെത്തിയ ഹംഗാമ 2 ആണ് പ്രിയന്റെ സംവിധാനത്തിൽ അവസാനമെത്തിയ ഹിന്ദി ചിത്രം. പ്രിയദർശന്റെ സംവിധാനത്തിൽ ബോളിവുഡിൽ കൂടുതൽ ചിത്രങ്ങളിൽ നായകനായ അക്ഷയ് കുമാറിനൊപ്പം അദ്ദേഹത്തിന്റെ ഒരു പുതിയ ചിത്രം വരുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത് ആരംഭിക്കുന്നതിന് മുൻപ് ഹിന്ദിയിൽ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം ഉണ്ടായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
സെയ്ഫ് അലി ഖാനെ നായകനാക്കി പ്രിയദർശൻ മറ്റൊരു ചിത്രം ഹിന്ദിയിൽ ഒരുക്കാൻ ആലോചിക്കുന്നതായി ഹിന്ദി സിനിമാവൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ലയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈയിൽ ആരംഭിച്ച് 40 ദിവസത്തെ ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നും സെയ്ഫ് അലി ഖാന്റെ കഥാപാത്രം കാഴ്ചാ പരിമിതിയുള്ള ആളാണെന്നും റിപ്പോർട്ടുകളിലുണ്ട്. ഇതോടെ വരാനിരിക്കുന്നത് പ്രിയദർശന്റെ തന്നെ മലയാള ചിത്രം ഒപ്പത്തിന്റെ റീമേക്ക് ആയിരിക്കുമോ പുതിയ ചിത്രമെന്ന സംശയം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
അതേസമയം അക്ഷയ് കുമാർ നായകനാവുന്ന പ്രിയദർശൻ ചിത്രം ഫാന്റസി കോമഡി ഗണത്തിൽ പെടുന്നതാണെന്നാണ് റിപ്പോർട്ട്. 14 വർഷത്തിന് ശേഷമാണ് ഒരു പ്രിയദർശൻ ചിത്രത്തിൽ അക്ഷയ് കുമാർ അഭിനയിക്കുന്നത്. ഈ രണ്ട് ഹിന്ദി സിനിമകൾ കഴിയുമ്പോൾ സംവിധാന ചിത്രങ്ങളുടെ എണ്ണം 98ആകും. അതിന് ശേഷം നൂറാം ചിത്രത്തിന്റെ പദ്ധതികളിലേക്ക് പ്രിയൻ കടക്കും. 1984 ൽ പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ഔട്ട് ആൻഡ് ഔട്ട് കോമഡി സിനിമയുമായി സംവിധായക കുപ്പായമണിഞ്ഞ് മലയാള മനസ്സിൽ ചേക്കേറിയ സംവിധായകനാണ് പ്രിയദർശൻ.
ചിത്രവും കിലുക്കവും തേന്മാവിൻകൊമ്പത്തും അടക്കമുള്ള ഹിറ്റ് ചിത്രങ്ങൾ. മോഹൻലാലിന് മലയാള സിനിമയിൽ സുപ്പർ താര പരിവേഷം നൽകിയതും പ്രിയൻ ചിത്രങ്ങളാണ്. ഇരുവരും ചേർന്ന് നിരന്തര ഹിറ്റുകൾ നൽകി. എൺപതുകളിലും തൊണ്ണൂറുകളിലും തൊട്ടതെല്ലാം പൊന്നാക്കി. ഒപ്പം എന്ന സിനിമയും മോഹൻലാലിന് നിർണ്ണായകമായിരുന്നു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വേണ്ട വിജയമായതുമില്ല. അതുകൊണ്ട് തന്നെ നൂറാം ചിത്രം വ്യത്യസ്തമാക്കാൻ പ്രിയൻ ശ്രമിക്കും.
നർമത്തിനു പുതിയ ഭാഷ്യം നൽകി മുൻകാലങ്ങളിൽ ആരും പരീക്ഷിക്കാത്ത രീതികളിലൂടെയായിരുന്നു പ്രിയദർശന്റെ ആദ്യ കാല സിനിമകൾ. പിന്നീട് കാലാപാനിയും ചെയ്തു. ഹിന്ദിയിലും നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കി. ഹിന്ദിയിൽ മുപ്പതിലേറെ സിനിമകൾ പ്രിയൻ സംവിധാനം ചെയ്തിട്ടുണ്ട്. 45 സിനിമകളാണ് ഇതുവരെ പ്രിയദർശൻ-മോഹൻലാൽ കോംബോയിൽ പിറന്നിട്ടുള്ളത്. 'ഹരം' എന്ന് പേരിട്ടിരിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഗായകൻ എം ജി ശ്രീകുമാർ പങ്കുവെച്ച ഒരു പോസ്റ്റിൽ ഇതിനെകുറിച്ച് പ്രതിപാദിച്ചിരുന്നു. ഇതായിരിക്കും പ്രിയദർശന്റെ നൂറാം ചിത്രമെന്നും അഭ്യുഹങ്ങൾ ഉണ്ട്.